'എന്നെ നിശബ്ദനാക്കാനാണ് ശ്രമിക്കുന്നത്'; നടി പായല്‍ ഘോഷിന്റെ പീഡനാരോപണത്തില്‍ അനുരാഗ് കശ്യപ്
Film News
'എന്നെ നിശബ്ദനാക്കാനാണ് ശ്രമിക്കുന്നത്'; നടി പായല്‍ ഘോഷിന്റെ പീഡനാരോപണത്തില്‍ അനുരാഗ് കശ്യപ്
ന്യൂസ് ഡെസ്‌ക്
Sunday, 20th September 2020, 7:52 am

ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ മറുപടിയുമായി അനുരാഗ് കശ്യപ്. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

”എന്നെ നിശബ്ദനാക്കാന്‍ ദീര്‍ഘനാളായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പ്രശ്‌നമില്ല. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം” അദ്ദേഹം ട്വീറ്റ് ചെയ്തു.

”എന്നെ മാത്രമല്ല എന്നോടൊപ്പം പ്രവര്‍ത്തിച്ച മറ്റ് സഹപ്രവര്‍ത്തകരെയും ബച്ചന്‍ കുടുംബത്തെയുമാണ് ഇതിലേക്ക് വലിച്ചിഴച്ചത്. എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ” അുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

കശ്യപിനെതിരെ പീഡനാരോപണവുമായി തെലുങ്ക് -ഹിന്ദി നടി പായല്‍ ഘോഷ് രംഗത്തെത്തിയിരുന്നു.എബി.എന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പീഡനാരോപണം ആദ്യം നടത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്റെ പേര് വെളിപ്പെടുത്താതെ നടി തനിക്കുണ്ടായ ‘മി ടൂ’ അനുഭവത്തെക്കുറിച്ച് ആരോപണം ഉയര്‍ത്തിയിരുന്നു. മുംബൈ ഇ.ആര്‍.ഡി റോഡില്‍ വസതിയുള്ള ഒരു സംവിധായകനില്‍ നിന്നുമാണ് ദുരനുഭവം ഉണ്ടായതെന്നും അതിനുശേഷം അദ്ദേഹവുമായി ഒരുതരത്തിലുള്ള പരിചയവും പുലര്‍ത്തിയിട്ടില്ലെന്നുമാണ് അവര്‍ പറഞ്ഞിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് കശ്യപിനെതിരെ നടി ആരോപണം ഉന്നയിച്ചത്. അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നുമായിരുന്നു പായല്‍ ആവശ്യപ്പെട്ടത്.

”ഈ സര്‍ഗ്ഗാത്മക വ്യക്തിയുടെ പിന്നിലുള്ള രാക്ഷസനെ രാജ്യത്തിന് കാട്ടിക്കൊടുക്കണം. ഇത് എന്നെ ദോഷകരമായി ബാധിക്കുമെന്ന് എനിക്കറിയാം, എന്റെ സുരക്ഷ അപകടത്തിലാണ്. എന്നെ സഹായിക്കണം,” പായല്‍ ട്വീറ്റ് ചെയ്തു.

പായലിന്റെ ട്വീറ്റിന് പിന്നാലെ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തി. വിശദമായ പരാതി സമര്‍പ്പിക്കാന്‍ പായലിനോട് ആവശ്യപ്പെടുകയും ചെയ്തു. നടി കങ്കണ റാണൗത്തും പായല്‍ ഘോഷിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന് കങ്കണ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anurag Kashyap’s response to Payal Ghosh’s allegation