മാതാപിതാക്കളെ കുറിച്ചുവരെ മോശം കമൻ്റുകൾ, അന്ന് ഫേസ് ചെയ്യാനുള്ള പക്വത ഇല്ലായിരുന്നു: അനുപമ
Malayalam Cinema
മാതാപിതാക്കളെ കുറിച്ചുവരെ മോശം കമൻ്റുകൾ, അന്ന് ഫേസ് ചെയ്യാനുള്ള പക്വത ഇല്ലായിരുന്നു: അനുപമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th July 2025, 2:59 pm

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവെച്ച നടിയാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ ജോർജ് ആദ്യമായി സ്നേഹിക്കുന്ന ചുരുണ്ട മുടിക്കാരി മേരിയെ പ്രേക്ഷകർ ഏറ്റെടുത്തു.

പിന്നീട് മലയാളത്തിൽ അധിക ചിത്രങ്ങളിൽ കണ്ടില്ലെങ്കിലും തെലുങ്കിലും തമിഴിവും അറിയപ്പെടുന്ന അഭിനേത്രിയാണ് അനുപമ. തമിഴിൽ ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഡ്രാഗണിലും നായികമാരിലൊരാൾ അനുപമയായിരുന്നു. റിലീസ് ചെയ്യാനിരിക്കുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രമാണ് നടിയുടെ ഏറ്റവും പുതിയ സിനിമ.

കമൻ്റുകൾ തന്നെ ഇപ്പോൾ ബാധിക്കാറില്ലെന്നും താൻ അത് വായിക്കുന്നത് നിർത്തിയിരുന്നുവെന്നും നടി പറയുന്നു. പ്രേമം ഇറങ്ങിയ സമയത്ത് വായനാദിനത്തിൽ ഒരു സ്കൂളിലെ പരിപാടിക്ക് പോയിരുന്നെന്നും അതിൻ്റെ ഫോട്ടോ വന്നപ്പോൾ മോശമായി കമൻ്റ് വന്നെന്നും അവർ പറഞ്ഞു.

തന്നെക്കുറിച്ചും തൻ്റെ മാതാപിതാക്കളെക്കുറിച്ചും മോശമായിട്ടുള്ള കമൻ്റുകൾ വരാറുണ്ടായിരുന്നെന്നും ഒരു പതിനെട്ടുവയസുകാരിക്ക് അതിനെ തരണം ചെയ്യാനുള്ള പക്വത ഇല്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

അതുകൊണ്ടാണ് മലയാള സിനിമയിൽ നിന്നും മാറിനിന്നതെന്നും താൻ എന്തെങ്കിലും ആണെന്ന് പ്രൂവ് ചെയ്തിട്ട് തിരിച്ചുവരാമെന്ന് വിചാരിച്ചതെന്നും അവർ പറഞ്ഞു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു അവർ.

‘കമൻ്റുകൾ എന്നുപറയുന്ന സാധനം എന്നെ ഇപ്പോൾ ഇൻഫ്ലൂവൻസ് ചെയ്യിപ്പിക്കുന്നില്ല. ഒരു സമയത്ത് ഞാൻ അത് വായിക്കുന്നത് നിർത്തിയിരുന്നു. ഇപ്പോൾ അത് വായിച്ചാലും എന്നെ ബാധിക്കാറില്ല. കാരണം പ്രേമം ഇറങ്ങിയ സമയത്തെ അനുഭവം എനിക്കിപ്പോഴും ഓർമയുണ്ട്. അന്ന് എന്തോ വായനാദിനം ആയിരുന്നു. ഞാൻ ഗവൺമെൻ്റ് സ്കൂളിൽ എന്തോ ഒരു പരിപാടിക്ക് പോയി, തിരിച്ചുവന്നു. അതിൻ്റെ ഫോട്ടോ ഏതോ ഒരു വെബ്സൈറ്റുകാർ ഇട്ടു.

അതിൻ്റെ താഴെ ഒരാൾ കമൻ്റ് ചെയ്തിരിക്കുന്നു ‘പൈസ കൊടുത്താൽ അവൾ മുറുക്കാൻ കട വരെ ഉദ്ഘാടനം ചെയ്യും’ എന്ന്. അങ്ങനത്തെ വളരെ അബ്യുസീവ് ആയിട്ടുള്ള, എൻ്റെ അച്ഛനെയും അമ്മയെയും ഒക്കെ വളരെ മോശമായിട്ട് കമൻ്റ് ഇട്ടിട്ടുണ്ട്. ഇന്നത്തെ എനിക്ക് അത് ഫേസ് ചെയ്യാം.

പക്ഷെ, പതിനെട്ട് വയസുകാരിക്ക് അത് ഫേസ് ചെയ്യേണ്ട മെച്യൂരിറ്റി ഇല്ല. അപ്പോൾ അതുകൊണ്ട് തന്നെയാണ് ഞാൻ പോകാം എന്നുതീരുമാനിച്ചത്. പോയിട്ട് എനിക്ക് സമയമാകുമ്പോൾ ഞാൻ എന്തെങ്കിലും ആണെന്ന് പ്രൂവ് ചെയ്തുകഴിഞ്ഞിട്ട് തിരിച്ചുവരാം എന്നുവിചാരിച്ചത്,’ അനുപമ പറയുന്നു.

Content Highlight: Anupama Sharing the experience she faced after the Movie of Premam