അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പരദ. സിനിമാ ബന്ദി, ശുഭം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രവീണ്‍ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓഗസ്റ്റ് 22 ന് തെലുങ്കിലും മലയാളത്തിലും പരദ തിയേറ്ററുകളിലെത്തും.
ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടിയില്‍ നായികാ പ്രാധാന്യമുള്ള സിനിമകളെ സിനിമ ഇന്‍ഡസ്ട്രി എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ പരമേശ്വരന്‍.
ഒരു വര്‍ഷം മുമ്പ് പരദയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയെങ്കിലും റിലീസിന് ആരും തന്നെ പിന്തുണ നല്‍കിയില്ലെന്ന് അനുപമ പറയുന്നു. തങ്ങളുടേത് ഒരു ചെറിയ സിനിമ ആണെന്നും എന്നാല്‍ അത് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും അനുപമ പരമേശ്വരന്‍ പറഞ്ഞു.
‘ഏകദേശം ഒരു വര്‍ഷം മുമ്പ് ഞങ്ങളുടെ ചിത്രത്തിന്റെ ഷൂട്ട് എല്ലാം കഴിഞ്ഞു. അതുകൊണ്ടുതന്നെ പ്രമോഷനുകള്‍ ചെയ്യാനായി ഞാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. അതിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു. പക്ഷേ സിനിമയുടെ റിലീസ് വൈകിക്കൊണ്ടിരുന്നു. ഇത് ഒരു ലൂപ്പ് പോലെയായി. സത്യം പറഞ്ഞാല്‍ ഞങ്ങളുടേത് ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണ്. അത്തരം സിനിമകളെ പിന്തുണക്കാന്‍ ആരുമില്ല.
തിയേറ്ററുകളില്‍ നിന്നും വിതരണക്കാരില്‍ നിന്നും മാത്രമല്ല ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നുപോലും ഒരു സപ്പോര്‍ട്ട് ലഭിക്കുന്നില്ല. എല്ലാവരും കരുതുന്നത് ഇതൊരു ചെറിയ സിനിമയാണെന്നാണ്. അതെ, ബജറ്റിന്റെ കാര്യത്തില്‍ ഇതൊരു ചെറിയ സിനിമയായിരിക്കും. പക്ഷേ ഈ സിനിമയിലൂടെ ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്,’ അനുപമ പരമേശ്വരന്‍ പറയുന്നു.