ബൈസൺ എന്ന സിനിമയെ കുറിച്ചും സംവിധായകൻ മാരി സെൽവരാജിനെ കുറിച്ചും സംസാരിക്കുകയാണ് അനുപമ പരമേശ്വരൻ. ബൈസണ് മുമ്പ് പരിയേറും പെരുമാൾ, മാമന്നൻ എന്നീ ചിത്രങ്ങളിലേക്ക് മാരി സെൽവരാജ് തന്നെ വിളിച്ചെന്ന് അനുപമ പറയുന്നു. എന്നാൽ ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് തനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലെന്നും എന്നാൽ ബൈസൺ എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ എന്ത് തന്നെ സംഭവിച്ചാലും ചെയ്യണമെന്ന് തീരുമാനിച്ചെന്നും അനുപമ പറഞ്ഞു.
‘ബൈസണിലേക്ക് വിളിച്ചപ്പോൾ ഇത്തവണ ഒരു കാരണം കൊണ്ടും അത് ഒഴിവാക്കാൻ എനിക്ക് കഴിയില്ല. എന്തുതന്നെ വന്നാലും ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ബൈസൺ ചെയ്യാൻ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. വളരെ നല്ല കഥയും സിനിമയുമാണത്. മാരി സാറിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നാണതെന്നാണ് എനിക്ക് തോന്നുന്നത്,’ അനുപമ പരമേശ്വരൻ പറഞ്ഞു.
ബൈസണിൽ താൻ അഭിനയിച്ച എക്സ്പീരിയസ് വെച്ച് നോക്കുമ്പോഴും താൻ കണ്ടതുമൊക്കെയായി കൂട്ടി നോക്കുമ്പോൾ ആ സിനിമയൊരു മാജിക് ആണെന്നും നടി പറഞ്ഞു. മാരി സെൽവരാജിന്റെ കൂടെ വർക്ക് ചെയ്യുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ്. അഭിനയത്തിൽ തന്നെ അത്രയേറെ സഹായിച്ച മറ്റൊരു സംവിധായകനില്ലെന്നും അനുപമ കൂട്ടിച്ചേർത്തു.
മാരി സെൽവരാജിന്റെ കൂടെ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ പ്രയാസമാണെന്നും അനുപമ പറയുന്നു. എന്നാൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്ന സമയം തന്നെ മോൾഡ് ചെയ്‌തെന്നും നടി പറഞ്ഞു.
‘ബൈസണ് മുമ്പ് ഞാൻ ഒരു വർക്ക് ഷോപ്പിലും പങ്കെടുത്തിട്ടില്ല. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ രണ്ട് മാസം മുമ്പ് തന്നെ അവിടെയെല്ലാം പോയി അവിടെയുള്ള ആളുകളുമായി പരിചയപെടുകയും അവരെ മനസിലാക്കുകയും ചെയ്തു. മാരി സാറിന് അങ്ങനെ എല്ലാം പെട്ടന്നൊന്നും ഇഷ്ടപ്പെടില്ല. ഒരു കാര്യം ശരിയായി ചെയ്തില്ലെങ്കിൽ അപ്പോൾ തന്നെ അദ്ദേഹമത് പറയും. ആദ്യമെല്ലാം അത് അംഗീകരിക്കാം ബുദ്ധിമുട്ടായിരിക്കും. പക്ഷേ അത് നമ്മളെ നന്നായി മോൾഡ് ചെയ്യും,’ അനുപമ പരമേശ്വരൻ പറയുന്നു.