ഒരുപാട് വിവാദമായ ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ ജാനകിയായെത്തിയത് അനുപമ പരമേശ്വരനായിരുന്നു. ഇപ്പോൾ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരളയെ കുറിച്ച് സംസാരിക്കുകയാണ് അനുപമ. ചിത്രത്തിലെ പല കാര്യങ്ങളും തനിക്ക് ശരിയായി തോന്നിയില്ലെന്ന് അനുപമ പറയുന്നു. ജിഞ്ചർ മീഡിയ എന്റർടൈന്മെന്റിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരൻ.
‘എന്റെ ഷെഡ്യുളിന് ശേഷം ആ സിനിമയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. സിനിമയുടെ പ്രൊമോഷൻ നടക്കുന്ന സമയത്തൊന്നും ഞാൻ ആ സിനിമ കണ്ടിട്ടില്ല. പ്രിവ്യു ഒന്നും ഉണ്ടായിരുന്നില്ല. ഡബ്ബ് ചെയ്ത് പോകുകയായിരുന്നു. ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ ഞാൻ ആ സിനിമ കണ്ടുനോക്കി.
സിനിമയുടെ പേരുമായി സംബന്ധിച്ച് ഉണ്ടായ പ്രശ്‍നങ്ങളിലൊന്നും ഞാൻ ഒട്ടും യോജിക്കുന്നില്ല. ജാനകി എന്ന പേര് സിനിമക്ക് വേണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാൽ ഞാൻ അതുമായി ഒട്ടും യോജിക്കില്ല. അതുപോലെത്തന്നെ ആ സിനിമയിലെ ചില ഡയലോഗുകളൊന്നും രാഷ്ട്രീയപരമായി ശരിയായി എനിക്ക് തോന്നിയില്ല,’ അനുപമ പരമേശ്വരൻ പറയുന്നു.
മികച്ചൊരു സിനിമയായിരുന്നിട്ടും ജെ.എസ്.കെ പരാജയപ്പെടണമെങ്കിൽ അതിന് അതിന്റേതായ കാരണങ്ങൾ ഉണ്ടെന്നും അനുപമ പറഞ്ഞു. താൻ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് വായിച്ച സ്‌ക്രിപ്റ്റിൽ ഇല്ലാത്ത പല കാര്യങ്ങളും അതിലുണ്ട്. പൊളിറ്റിക്കലി തനിക്ക് റിലേറ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളും അതിലുണ്ടെന്ന് നടി കൂട്ടിച്ചേർത്തു. താൻ സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ജാനകി എന്ന പെൺകുട്ടിയുടെ കഥയായിരുന്നുവെന്നും അനുപമ പരമേശ്വരൻ പറഞ്ഞു.
പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള. ജാനകി എന്ന പെൺകുട്ടി ബലാത്സംഗത്തിന് ഇരയാകുന്നതും തുടർന്നുണ്ടാകുന്ന നിയമ പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രം തിയേറ്ററിലേക്കെത്തിയത്. ജൂൺ 27 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും ശേഷം ജൂലൈ 17ന് ചിത്രം റിലീസ് ചെയ്യുകയുമായിരുന്നു.
Content Highlight: Anupama Parameswaran talks about Janaki V vs State of Kerala movie