ആ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ ഒരുപാട് കരഞ്ഞു, അതിന് കാരണം: അനുപമ പരമേശ്വരന്‍
Indian Cinema
ആ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ ഒരുപാട് കരഞ്ഞു, അതിന് കാരണം: അനുപമ പരമേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th August 2025, 3:39 pm

2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവെച്ച നടിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ ജോര്‍ജ് ആദ്യമായി സ്‌നേഹിക്കുന്ന ചുരുണ്ട മുടിക്കാരി മേരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ അതിനൊപ്പം തന്നെ ഒരുപാട് വിമര്‍ശനങ്ങളും അനുപമ നേരിടേണ്ടി വന്നിരുന്നു.

അതിന് ശേഷം അനുപമയെ മലയാളത്തില്‍ അധികം കണ്ടില്ല. അതിന് പകരം തെലുങ്കിലും തമിഴിലും തിരക്കുള്ള അഭിനേത്രിയായായി മാറി. തമിഴില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഡ്രാഗണിലും നായികമാരിലൊരാള്‍ അനുപമയായിരുന്നു. അനുപമയുടെ ഏറ്റവും പുതിയ ചിത്രം പര്‍ദ്ദയാണ്. ഇപ്പോൾ ചിത്രം ചെയ്തപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ.

പര്‍ദ്ദ സിനിമയുടെ യാത്രയില്‍ ഒരു പ്രത്യേക സീനില്‍, ഒരു ഗ്രാമത്തില്‍ ചെയ്യുന്ന സീന്‍ ആണ്. ആ സീന്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ അത് വല്ലാതെ ഇമോഷണലി ബ്രേക്ക് ചെയ്യിപ്പിച്ചു. ഞാനൊരിക്കലും വിചാരിച്ചത് അല്ല കരയുമെന്നൊക്കെ. എനിക്കപ്പോള്‍ പറയാന്‍ പറ്റാത്ത ഫീല്‍ ആയിരുന്നു അപ്പോള്‍.

ആ സീന്‍ എന്താണോ കണ്‍വേ ചെയ്യാന്‍ നോക്കിയത് എനിക്കത് ഫീല്‍ ചെയ്തു. എന്നിട്ട് എനിക്ക് പേടിയായി. ഈശ്വരാ ഞാന്‍ അങ്ങനത്തെ ഗ്രാമത്തില്‍ ആയിരുന്നെങ്കിലോ എന്നാലോചിച്ച് എനിക്ക് വല്ലാത്തൊരു പേടിയായി. ഞാന്‍ കാറിലേക്ക് ഒരു ഓട്ടമായിരുന്നു. എന്നിട്ട് ഞാനൊരുപാട് കരഞ്ഞു,’ അനുപമ പറഞ്ഞു.

അപ്പോള്‍ തന്റെ കൂടെയുണ്ടായിരുന്ന എല്ലാവരും തന്നോട് എന്തുപറ്റിയെും ആരെങ്കിലും എന്തെങ്കിലും പറഞ്ഞോയെന്ന് ചോദിക്കുന്നുണ്ടായിരുന്നെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താന്‍ ആ ഷോട്ട് ചെയ്തുകഴിഞ്ഞപ്പോഴുള്ള ഫീല്‍ കൊണ്ടാണ് താന്‍ കരഞ്ഞതെന്നും നടി പറഞ്ഞു.

താന്‍ പ്രിവിലേജ് ആയിട്ടുള്ള ആളാണെന്നും നമുക്ക് സംസാരിക്കാന്‍ പറ്റുന്നതും നമുക്ക് ലഭിക്കുന്ന ഫെസിലിറ്റി ഒക്കെ പ്രിവിലലേജിന്റെ ഭാഗമാണെന്നും അനുപമ പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ പര്‍ദയുടെ പ്രൊമോഷന്റെ ഭാഗമായി മീഡിയവണ്ണിനോട് സംസാരിക്കുകയായിരുന്നു നടി.

പര്‍ദ്ദ

പ്രവീണ്‍ കന്ദ്രേഗുലയുടെ സംവിധാനത്തില്‍ അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് പര്‍ദ്ദ. വിജയ് ദൊങ്കട, ശ്രീനിവാസുലു പി.വി, ശ്രീധര്‍ മക്കുവ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദര്‍ശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പര്‍ദ്ദ.

Content Highlight: Anupama Parameswaran talking about Pardha Movie