മലയാളത്തിൽ നിന്നും പേടിച്ച് ഒളിച്ചോടി, ഇവിടെ നിന്നും നേരിട്ടത് മോട്ടിവേഷനാക്കി: അനുപമ പരമേശ്വരൻ
Malayalam Cinema
മലയാളത്തിൽ നിന്നും പേടിച്ച് ഒളിച്ചോടി, ഇവിടെ നിന്നും നേരിട്ടത് മോട്ടിവേഷനാക്കി: അനുപമ പരമേശ്വരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th August 2025, 10:23 pm

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവെച്ച നടിയാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ ജോർജ് ആദ്യമായി സ്നേഹിക്കുന്ന ചുരുണ്ട മുടിക്കാരി മേരിയെ പ്രേക്ഷകർ ഏറ്റെടുത്തു.

പിന്നീട് മലയാളത്തിൽ അധിക ചിത്രങ്ങളിൽ അഭിനയിച്ചില്ലെങ്കിലും തെലുങ്കിലും തമിഴിലും അറിയപ്പെടുന്ന അഭിനേത്രിയാണ് അനുപമ. തമിഴിൽ ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഡ്രാഗണിലും നായികമാരിലൊരാൾ അനുപമയായിരുന്നു. ഇപ്പോൾ തെലുങ്കിലേക്കുള്ള തന്റെ ചുവടുമാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ പരമേശ്വരൻ.

‘അത് ബോധപൂർവമുള്ളൊരു പോക്കായിരുന്നില്ല. എന്റെ നിവൃത്തികേടായിരുന്നു. മലയാളത്തിൽ ഒരു സിനിമ ചെയ്തു കഴിഞ്ഞ് മലയാളത്തിൽ വീണ്ടും നല്ല സിനിമകൾ ലഭിക്കണമെന്നും അംഗീകാരം ലഭിക്കണമെന്നും അത് തുടർന്ന് പോകണമെന്ന സ്വപ്നം എനിക്കുമുണ്ടായിരുന്നു. മലയാളം സിനിമ എനിക്കിഷ്ടമല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. മലയാളത്തിൽ അടുത്തൊരു പടം ചെയ്യാൻ എനിക്ക് പേടിയായതുകൊണ്ട് ഒളിച്ചോടിയതാണ്,’ അനുപമ പറയുന്നു.

തനിക്കിവിടെ മാനസികമായൊരു സന്തോഷം കിട്ടിയില്ലെന്നും വലിയ ഹിറ്റായി മാറിയ സിനിമയുടെ ഭാഗമായിട്ടും തന്റെ ഉള്ളിലെ പെൺകുട്ടി വേദനിപ്പിക്കപ്പെട്ടുവെന്നും അനുപമ കൂട്ടിച്ചേർത്തു. ഒരു മാറ്റം വേണമെന്നാണ് കരുതിയതെന്നും തന്റെ കരിയറിന്റെ അവസാനമാണ് പ്രേമമെന്നാണ് കരുതിയത് എന്നും നടി പറഞ്ഞു.

എന്നാലിപ്പോൾ തനിക്കാ ചിന്താഗതി ഇല്ലെന്നും ആ സമയത്ത് തനിക്ക് കിട്ടിയ വരമായിരുന്നു തെലുങ്കിൽ നിന്നുള്ള ചിത്രങ്ങളെന്നും നടി പറയുന്നു. തെലുങ്കിൽ നിന്നും മൂന്ന് സിനിമകൾ വന്നപ്പോൾ തനിക്ക് സ്‌നേഹം കിട്ടിയത് പോലെയായിരുന്നെന്നും എന്നാൽ ഇവിടെ നിന്നും നേരിട്ടത് തനിക്ക് പുതിയൊരു സ്ഥാനം നേടിയെടുക്കാനുള്ള മോട്ടിവേഷൻ ആണെന്നും അനുപമ പരമേശ്വരൻ കൂട്ടിച്ചേർത്തു.

തന്റെ പുതിയ ചിത്രമായ പർദ്ദയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരൻ.

Content  Highlight: Anupama Parameswaran talking about Malayalam  Industry