മുടി പോട്ടെ പുല്ല്; മണിരത്‌നം സാര്‍ വിളിച്ചാല്‍ തലമൊട്ടയടിച്ചും പോകും; പക്ഷേ അന്നത്തെ എന്റെ മറുപടി ഇതായിരുന്നില്ല: അനുപമ പരമേശ്വരന്‍
Entertainment news
മുടി പോട്ടെ പുല്ല്; മണിരത്‌നം സാര്‍ വിളിച്ചാല്‍ തലമൊട്ടയടിച്ചും പോകും; പക്ഷേ അന്നത്തെ എന്റെ മറുപടി ഇതായിരുന്നില്ല: അനുപമ പരമേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st September 2022, 12:57 pm

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങിയ പ്രേമം എന്ന ചിത്രത്തിലെ മേരിയായി സിനിമ ലോകത്തേക്ക് പ്രവേശിച്ച നടിയാണ് അനുപമ പരമേശ്വരന്‍. മലയാള സിനിമാ പ്രേമികള്‍ക്കിടയില്‍ മുടി ഒരു ചര്‍ച്ചാ വിഷയമായത് അനുപമയുടെ കടന്നുവരവോടെയായിരുന്നു.

ഇപ്പോള്‍ തന്റെ മുടിയെക്കുറിച്ചും പുതിയ സിനിമ വിശേഷങ്ങളും പങ്കുവെക്കുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ താരം.

‘പണ്ട് ജോണ്‍ ബ്രിട്ടാസിന്റെ ഇന്റര്‍വ്യൂവില്‍ എന്റെ സുഹൃത്ത് ഒരു ചോദ്യം ചോദിച്ചിരുന്നു. മണിരത്‌നം സര്‍ ഒരു സിനിമയിലേക്ക് വിളിക്കുകയാണ് പക്ഷേ അത് ചെയ്യണമെങ്കില്‍ തല മൊട്ടയടിക്കണം. അന്ന് ഞാന്‍ പതിനെട്ട് വയസുള്ള ഒരു കുട്ടിയാണ്.

എന്റെ മുടി മൊത്തം ഒറ്റയടിക്ക് മൊട്ടയടിക്കാനൊക്കെ പറഞ്ഞാല്‍.. ഞാന്‍ അന്ന് പറ്റില്ല എന്ന് പറഞ്ഞു. പക്ഷേ ഇന്നത്തെ ഞാന്‍ പറയും മണിരത്‌നം സര്‍ എന്നെ വിളിച്ചാല്‍ ദേ വരുന്നു, മുടി പോട്ടെ പുല്ല് എന്ന് പറഞ്ഞ് ഞാന്‍ പോവും. മുടി ഇന്ന് വരും നാളെ പോകും.

സ്‌റ്റൈല്‍ മാറ്റാന്‍ പറ്റുമോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. പ്രേമത്തിലെ ഫ്രിസി മുടി പിന്നെ ഞാന്‍ എവിടെയും ഉപയോഗിച്ചിട്ടില്ല,’ അനുപമ പറയുന്നു.

അതേസമയം അനുപമയുടെ പുതിയ ചിത്രമായ കാര്‍ത്തികേയ 2 തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.

ഹാപ്പി ഡേയ്സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്തുവാണ് ‘കാര്‍ത്തികേയ 2’ സംവിധാനം ചെയ്യുന്നത്. കാല ഭൈരവയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘കാര്‍ത്തികേയ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ‘ദേവസേന’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ എത്തുന്നത്.

Content Highlight: Anupama parameswaran says will go with bald hair if maniratnam calls