പര്‍ദ്ദ സിനിമ പരാജയപ്പെട്ടതില്‍ തനിക്ക് നിരാശയുണ്ടെന്ന് നടി അനുപമ പരമേശ്വരന്‍. സിനിമക്ക് കിട്ടിയ പ്രതികരണത്തില്‍ സങ്കടമുണ്ടെന്നും നടി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ബൈസണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അനുപമ.
അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും പ്രധാനവേഷങ്ങളിലെത്തി പ്രവീണ്‍ കന്ദ്രേഗുല സംവിധാനം ചെയ്ത പര്‍ദ്ദ ഓഗസ്റ്റ് 22നാണ് തിയേറ്ററുകളിലെത്തിയത്. 15 കോടി മുടക്കി നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 2 കോടിക്ക് താഴെയൊണ് കളക്ഷന്‍ നേടിയത്. ഇപ്പോള്‍ സിനിമയുടെ പരാജയത്തില്‍ പ്രതികരിക്കുകയാണ് നടി.
തിയേറ്ററില്‍ സിനിമക്ക് കിട്ടിയ പ്രതികരണത്തില്‍ വിഷമമുണ്ടെന്നും ഈ വര്‍ഷം അഭിനയിച്ച പല സിനിമകളും പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെന്നും അനുപമ പറഞ്ഞു. തമിഴ് തെലുങ്ക് ഭാഷകളിലായി ഈ വര്‍ഷം ആറ് സിനിമയോളം അനുപമയുടേതായി പുറത്ത് വന്നിട്ടുണ്ട്.
‘പര്‍ദ്ദ പരാജയപ്പെട്ടതില്‍ എനിക്ക് നിരാശയുണ്ട്, ശരിക്കും സങ്കടമുണ്ട്. അതാണ് സത്യം, ഞാനത് അംഗീകരിക്കുകയും ചെയ്യുന്നു. നമ്മള്‍ ചെയ്യുന്ന ഓരോ സിനിമയും ബോക്‌സ് ഓഫീസ് ഹിറ്റായില്ലെങ്കിലും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
കിഷ്‌കിന്ധാപുരിയില്‍ ഞാന്‍ അവതരിപ്പിച്ച വേഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ബൈസണിലെ കഥാപാത്രം. ഒരു സിനിമ വിജയിക്കുമ്പോള്‍ കൂടുതല്‍ മികച്ച സിനിമകള്‍ ചെയ്യാനും തിരക്കഥകള്‍ വിവേകത്തോടെ തെരഞ്ഞെടുക്കാനും എനിക്ക് പ്രചോദനം നല്‍കുന്നു,’ അനുപമ പറഞ്ഞു.