അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. ആദ്യചിത്രമായ പ്രേമത്തിലെ കഥാപാത്രം അനുപമക്ക് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തു. എന്നാല്‍ പിന്നീട് മലയാളത്തില്‍ നിന്ന് കാര്യമായ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ അന്യഭാഷയിലേക്ക് അനുപമ ചേക്കേറി. തമിഴിലും തെലുങ്കിലും മികച്ച ചിത്രങ്ങളുടെ ഭാഗമാണ് ഇന്ന് താരം.
കരിയര്‍ ആരംഭിച്ച് 10 വര്‍ഷമാകുമ്പോള്‍ പിന്നിട്ട വഴികളെക്കുറിച്ച് ഓര്‍ക്കുകയാണ് അനുപമ പരമേശ്വരന്‍. കരിയറില്‍ ഇതുവരെ കേട്ടതില്‍ വെച്ച് ഏറ്റവും വേദനിപ്പിച്ച റൂമര്‍ ഏതെന്ന ചോദ്യത്തോട് അനുപമ പ്രതികരിച്ചു. താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യത്തെക്കുറിച്ച് കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വന്നെന്ന് താരം പറഞ്ഞു.
‘ഇപ്പോഴും എന്നെ വേട്ടയാടുന്ന റൂമറാണ് അത്. രംഗസ്ഥലം എന്ന സിനിമ ഞാന്‍ വേണ്ടെന്ന് പറഞ്ഞ തരത്തില്‍ ഇടക്ക് ആരൊക്കെയോ പറഞ്ഞുണ്ടാക്കിയിരുന്നു. ആ സിനിമയിലേക്ക് എന്നെ പരിഗണിച്ചിരുന്നു എന്നത് സത്യമായിരുന്നു. എനിക്ക് ആ കഥ ഇഷ്ടവുമായി. എന്നാല്‍ റാം ചരണുമായി വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ലാത്തതുകൊണ്ട് ഞാന്‍ പിന്മാറി എന്നാണ് ആ സമയത്ത് ആരൊക്കെയോ പറഞ്ഞുണ്ടാക്കിയത്.
അവരാണ് എന്നെ ഒഴിവാക്കിയത്. ആ സിനിമക്ക് വേണ്ടി ലോക്കല്‍ തെലുങ്ക് സംസാരിക്കാനുള്ള ട്രെയിനിങ് എടുത്തു, കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടി. ഇതെല്ലാം ചെയ്ത് നിന്നപ്പോഴാണ് അവര്‍ക്ക് മറ്റൊരു ആര്‍ട്ടിസ്റ്റിനെ കിട്ടി എന്ന് അറിഞ്ഞത്. അത് ചെറുതായിട്ട് വിഷമമുണ്ടാക്കി. പക്ഷേ, പുറത്തുവന്ന വാര്‍ത്തകളെല്ലാം ഞാന്‍ പിന്മാറിയെന്നായിരുന്നു,’ അനുപമ പരമേശ്വരന്‍ പറയുന്നു.
ആ സമയത്ത് താന് ഒരുപാട് സിനിമകളുടെ ഭാഗമായിരുന്നെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കിയെന്നും അനുപമ പറഞ്ഞു. ആറ് മാസത്തോളം തനിക്ക് ഒരു കോളും വന്നില്ലായിരുന്നെന്നും കരിയര്‍ തന്നെ അവസാനിച്ചെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ പര്‍ദയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇ.ടി.വി തെലുങ്കിനോട് സംസാരിക്കുകയായിരുന്നു അനുപമ.
‘റാം ചരണിനെപ്പോലെ വലിയൊരു താരത്തിന്റെ സിനിമ ഞാന്‍ ഒരിക്കലും ഒഴിവാക്കില്ല എന്ന് ഉറപ്പാണ്. പക്ഷേ, അന്ന് വന്ന റൂമര്‍ എന്റെ കരിയറിനെ ബാധിച്ചു. ആ സമയത്ത് ഞാന്‍ അഭിനയിച്ച ശതമാനം ഭവതി എന്ന സിനിമ ബ്ലോക്ക്ബസ്റ്ററായി തിയേറ്ററുകളില്‍ ഓടുകയായിരുന്നു. അതിന്റെ സക്‌സസ് സെലിബ്രേഷന്റെ സമയത്ത് സ്‌റ്റേജില്‍ എനിക്ക് സന്തോഷത്തോടെ നില്‍ക്കാന്‍ സാധിച്ചില്ല. ഒരു ലൂസറാണ് ഞാനെന്നായിരുന്നു ആ സമയത്ത് തലയില്‍ ഓടിക്കൊണ്ടിരുന്നത്,’ അനുപമ പറഞ്ഞു.
Content Highlight: Anupama Parameshwaran about the rumor that affected her career badly