ഷാരൂഖ് ഖാനുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അനുപം ഖേര്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇന്ത്യയിലെ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ആണെന്ന് അനുപം ഖേര്‍ പറഞ്ഞിരുന്നു. തന്റെ അന്നത്തെ നിലപാടില്‍ തന്നെയാണ് താനിപ്പോഴുമെന്ന് അദ്ദേഹം പറയുന്നു.
വാനിറ്റി വാനുകളും മൊബൈല്‍ ഫോണുകളും സാധാരണമാകുന്നതിന് വളരെ മുമ്പുതന്നെ സിനിമാ വ്യവസായം ഒരുകാലത്ത് കെട്ടുറപ്പുള്ള ബന്ധങ്ങളില്‍ അടിയുറച്ചതായിരുന്നുവെന്ന് അനുപം ഖേര്‍ പറയുന്നു. ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധം അടിയുറപ്പുള്ളതായിരുന്നുവെന്നും ഷാരൂഖ് ഖാന്‍, താന്‍ അവസാനത്തെ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് പറഞ്ഞപ്പോള്‍ താനും അത് തന്നെ ആവര്‍ത്തിച്ച് പറഞ്ഞത് അത് ശരിയായതുകൊണ്ടാണെന്നും അനുപം ഖേര്‍ പറഞ്ഞു.
അമിതാഭ് ബച്ചന്‍ , ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ , ഷാരൂഖ് ഖാന്‍ തുടങ്ങിയ താരങ്ങളുടെ താരപദവിയെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. അനുപം ഖേര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ തന്‍വി ദി ഗ്രേറ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളുടെ ബന്ധങ്ങള്‍ ആത്മാര്‍ത്ഥമായി കെട്ടിപ്പടുത്തതാണ്. ഞങ്ങള്‍ക്ക് വാനിറ്റി വാനുകളോ മൊബൈല്‍ ഫോണുകളോ ഇല്ലായിരുന്നു. ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത് യഥാര്‍ത്ഥ ബന്ധങ്ങളായിരുന്നു. ഷാരൂഖ് ഖാന്‍ ഒരിക്കല്‍ എന്റെ ഷോയില്‍, ‘ഞാന്‍ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍’ എന്ന് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അന്ന് ഞാനും അക്കാര്യം സമ്മതിച്ചത്.
ഇന്നും ആ നിലപാടില്‍ തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്. ബോളിവുഡിലെ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കും അദ്ദേഹം. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ , ഷാരൂഖ് ഖാന്‍ തുടങ്ങിയ ഇതിഹാസങ്ങളുടെ താരപദവി കാലാതീതമാണ്,’ അനുപം ഖേര്‍ പറയുന്നു.