അച്ഛന്റെ സ്വപ്നമാണ് സിനിമ, ഞങ്ങളിലൂടെ സഫലമാക്കുകയാണ്: അനു സൊനാര
Malayalam Cinema
അച്ഛന്റെ സ്വപ്നമാണ് സിനിമ, ഞങ്ങളിലൂടെ സഫലമാക്കുകയാണ്: അനു സൊനാര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd July 2025, 8:05 pm

അഭിനേത്രി അനു സിതാരയുടെ അനിയത്തി അനു സോനാര ആദ്യമായി അഭിനയിച്ച ചിത്രമാണ് കൂടൽ. ഇപ്പോൾ ചിത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും പറയുകയാണ് അനു സൊനാര.

ഒട്ടും പറയാത്ത സമയത്താണ് സിനിമ തന്നെ തേടിയെത്തിയതെന്നും അഭിനയിക്കാൻ ഇഷ്ടമായിരുന്നെങ്കിലും സിനിമയെപ്പറ്റി ചിന്തിച്ചിരുന്നില്ലെന്നും അനു സൊനാര പറയുന്നു. അച്ഛനാണ് അഭിനയത്തിൽ ഇഷ്ടമെന്നും അത് തങ്ങളിലൂടെ സഫലമാക്കുകയാണെന്നും അവർ പറഞ്ഞു. മാതാപിതാക്കൾ തങ്ങൾക്ക് എല്ലാ സപ്പോർട്ടും ചെയ്യുന്നുണ്ടെന്നും അച്ഛൻ വഴിയാണ് കൂടൽ സിനിമയിലേക്ക് എത്തിയതെന്നും നടി കൂട്ടിച്ചേർത്തു.

ചിത്രത്തിലെ കഥാപാത്രവും താനും ഒരുപോലെയാണെന്നും ഷൂട്ട് തുടങ്ങുമ്പോൾ ടെൻഷനുണ്ടായിരുന്നെന്നും അനുസൊനാര പറഞ്ഞു. എന്നാൽ പെട്ടെന്നുതന്നെ എല്ലാവരുമായും കൂട്ടായെന്നും അവർ കൂട്ടിച്ചേർത്തു.

‘ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് സിനിമ എന്നെ തേടിയെത്തിയത്. അഭിനയിക്കാൻ ഇഷ്ടമായിരുന്നെങ്കിലും സിനിമയെപ്പറ്റി കാര്യമായി ചിന്തിച്ചിരുന്നില്ല. ശരിക്കും അച്ഛനാണ് (അബ്ദുൾ സലാം) ചേച്ചിയെക്കാളും എന്നെക്കാളുമൊക്കെ അഭിനയത്തോട് ഇഷ്ടം. അച്ഛൻ നാടകനടനാണ്. ഇപ്പോൾ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട്. അച്ഛന്റെ സ്വപ്നമാണ് സിനിമ. അത് ഞങ്ങളിലൂടെ സഫലമാക്കുകയാണ്. ഞാനും ചേച്ചിയും നല്ല കലാകാരികളായി അറിയപ്പെടണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്ഛനും അമ്മയുമാണ്. ഞങ്ങൾക്ക് താങ്ങും തണലുമായി, എല്ലാ പിന്തുണയും നൽകിക്കൊണ്ട് അവരെന്നും കൂടെയുണ്ടെന്നുള്ളതാണ് സന്തോഷവും.

അച്ഛൻ വഴിയാണ് ഞാൻ കൂടലിൽ എത്തുന്നത്. ഷാഫി എപ്പിക്കാട് സംവിധാനം ചെയ്ത ‘ചെക്കൻ’ എന്ന സിനിമയിൽ അച്ഛൻ ഒരു വേഷം ചെയ്തിരുന്നു. ഒരിക്കൽ അവരുടെ സൗഹൃദസംഭാഷണത്തിനിടയിൽ അനുസിതാരയുടെ അനിയത്തിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അഭിനയിക്കാൻ എനിക്കിഷ്ടമാണെന്ന് അച്ഛൻ പറഞ്ഞപ്പോഴാണ് പുതിയ സിനിമ തുടങ്ങുന്ന കാര്യം സാറ് പറയുന്നത്. കഥ എനിക്കിഷ്ടമായി. ഞാനും ആ കഥാപാത്രവും ഏകദേശം ഒരുപോലെയാണ്.

ഷൂട്ട് തുടങ്ങിയപ്പോൾ ടെൻഷനുണ്ടായിരുന്നു. പുതിയ ആളുകൾ, പുതിയ സ്ഥലം. സാധാരണ ചേച്ചിയുടെ കൂടെ ലൊക്കേഷനിൽ പോകാറുണ്ട്. അവിടങ്ങളിലേതുപോലെ നിശബ്ദമായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ഇവിടെ എല്ലാവരും ക്യാമ്പിങ്ങിന് വന്നതുപോലെയായിരുന്നു. വളരെ പെട്ടെന്നുതന്നെ ആളുകളുമായി കൂട്ടായി. ആദ്യഷോട്ടിന് തൊട്ടുമുൻപ് ചെറിയൊരു പരിഭ്രമമുണ്ടായി. പിന്നെപ്പിന്നെ കൂളായി അഭിനയിച്ചു,’ അനു സൊനാര പറയുന്നു.

Content Highlight: Anu Sonara Talking about Her first Movie Koodal