'എടീ പൊട്ടി നിന്നോടാണ് പറയുന്നത്'; അന്ന് മമ്മൂക്ക എന്നെ വഴക്ക് പറഞ്ഞു: അനു സിത്താര
Entertainment news
'എടീ പൊട്ടി നിന്നോടാണ് പറയുന്നത്'; അന്ന് മമ്മൂക്ക എന്നെ വഴക്ക് പറഞ്ഞു: അനു സിത്താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th May 2022, 10:12 am

മലയാള സിനിമാ പ്രേമികളുടെ ഇടയില്‍ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് അനു സിത്താര.

മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധികയാണ് അനു സിത്താര എന്നതും മലയാളികള്‍ക്കെല്ലാം പരിചിതമായ കാര്യമാണ്. മമ്മൂട്ടിയുമൊത്തുള്ള നിരവധി അനുഭവങ്ങള്‍ നടി പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള ഒരു അനുഭവം കൂടി പങ്കുവെച്ചിരിക്കുകയാണ് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ അനു സിത്താര. കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ സംഭവമാണ് അനു വിവരിക്കുന്നത്.

‘ഷൂട്ടിംഗ് പ്രാക്ടീസ് ചെയ്യാനായി മമ്മൂക്ക സീനില്‍ ഉള്ളവരെ എല്ലാം വിളിച്ചു, അപ്പോള്‍ എന്റെ ശ്രദ്ധ എങ്ങോട്ടോ മാറിപ്പോയി. ഇത് കണ്ട മമ്മൂക്ക, ‘എടീ പൊട്ടി നിന്നോടാണ് ഇത് ചെയ്യണം എന്ന് പറഞ്ഞത്’, എന്ന് വഴക്ക് പറഞ്ഞു.

ആ വഴക്ക് കിട്ടിയതിന് ശേഷം എന്റെ ശ്രദ്ധ എങ്ങോട്ടും പോയിട്ടില്ല,” എന്നാണ് അനു സിത്താര പറയുന്നത്.

മമ്മൂട്ടിയോടൊപ്പം മൂന്ന് ചിത്രങ്ങളിലാണ് അനു സിത്താര അഭിനയിച്ചിട്ടുള്ളത്. അനു സിത്താര നായികയായ ജയസൂര്യ ചിത്രം ക്യാപ്റ്റനില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയിരുന്നു. പിന്നീട് മമ്മൂട്ടി നായകനായ കുട്ടനാടന്‍ ബ്ലോഗിലും, മാമങ്കത്തിലും അനു സിത്താര പ്രധാന വേഷത്തില്‍ എത്തി.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ട്വല്‍ത് മാനാണ് അനു സിത്താരയുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം.

മേയ് 20നായിരുന്നു ട്വല്‍ത് മാന്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ട്വല്‍ത് മാന്‍ നിര്‍മിച്ചത്.

നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, ശിവദ, അനു മോഹന്‍, രാഹുല്‍ മാധവ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Anu Sithara about an experience with Mammootty that he scolded her