അസൂയ തോന്നിയിട്ടുള്ള നടന്‍ അദ്ദേഹമാണ്, അന്നിറങ്ങിയ അദ്ദേഹത്തിന്റെ പടങ്ങളെല്ലാം കൊലഹിറ്റാണ്: ആന്റണി വര്‍ഗീസ് പെപ്പെ
Film News
അസൂയ തോന്നിയിട്ടുള്ള നടന്‍ അദ്ദേഹമാണ്, അന്നിറങ്ങിയ അദ്ദേഹത്തിന്റെ പടങ്ങളെല്ലാം കൊലഹിറ്റാണ്: ആന്റണി വര്‍ഗീസ് പെപ്പെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th September 2023, 12:04 pm

തനിക്ക് അസൂയ തോന്നിയിട്ടുള്ള നടന്‍ നിവിന്‍ പോളി ആണെന്ന് ആന്റണി വര്‍ഗീസ് പെപ്പെ. വടക്കന്‍ സെല്‍ഫി ഇറങ്ങിയ സമയത്ത് തിയേറ്ററുകള്‍ ഹൗസ്ഫുള്ളായിരുന്നുവെന്നും തന്റെ ഒരു സിനിമ എന്നാണ് ഇങ്ങനെ കാണാന്‍ പറ്റുന്നതെന്ന് അന്ന് ആലോചിച്ചിട്ടുണ്ടെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു. ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിരുവനന്തപുരത്തെ ഒരു തിയേറ്ററിലേക്ക് ചെല്ലുമ്പോള്‍ കാണുന്നത്, ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയും നിവിന്‍ പോളിയുടെ രാമചന്ദ്ര ബോസ് ആന്‍ഡ് കോയും അതിന്റെ കൂടെ ആര്‍.ഡി.എക്‌സും. നമുക്കിത് കാണുമ്പോള്‍ ഭയങ്കര സന്തോഷമായിരിക്കും.

വടക്കന്‍ സെല്‍ഫി ഇറങ്ങിയ സമയത്ത് ഞാന്‍ തിരുവനന്തപുരത്തായിരുന്നു. തിയേറ്ററില്‍ തിരക്കെന്നൊക്കെ പറഞ്ഞുകഴിഞ്ഞാല്‍ ഒടുക്കത്തെ തിരക്ക്. നിവിന്‍ പോളിയെന്ന നടനോട് അന്ന് ഭയങ്കര അസൂയ തോന്നി. ഭയങ്കര ഇഷ്ടമാണ്, എന്നാല്‍ ഭയങ്കര അസൂയയും തോന്നി.

അന്ന് പുള്ളീടെ ഇറങ്ങുന്ന സിനിമകളൊക്കെ കൊലഹിറ്റാണ്. സത്യമായും അന്ന് എനിക്ക് ഭയങ്കര അസൂയ തോന്നി. ബൈക്കും കാറുമെല്ലാം നിറഞ്ഞ് ഹൗസ്ഫുള്ളായിരിക്കുകയാണ്. അപ്പോള്‍ എന്റെ ഒരു പടം എന്നാണ് ഇങ്ങനെ വരിക എന്ന് ആലോചിച്ചിരുന്നു.

എന്റെ പടത്തിനെ പൊക്കി പറയുന്നതല്ല, പക്ഷേ എനിക്കും അങ്ങനെ രോമാഞ്ചിഫിക്കേഷന്‍ വന്നിട്ടുണ്ട്. അങ്കമാലി ഡയറീസ് ഇറങ്ങിക്കഴിഞ്ഞ് ഞാന്‍ തിരുവനന്തപുരത്ത് അതേ തിയേറ്ററില്‍ തന്നെ പോയി ടിക്കറ്റ് ചോദിച്ചു. ആ ഷോ ഹൗസ്ഫുള്ളായിരുന്നു. ടിക്കറ്റില്ല മോനേ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ അവിടെ നിന്നും മാസായി ഇറങ്ങി വന്നു,’ ആന്റണി വര്‍ഗീസ് പറഞ്ഞു.

അതേസമയം ഓണച്ചിത്രങ്ങളില്‍ കിങ് ഓഫ് കൊത്തയേയും രാമചന്ദ്രബോസ് ആന്‍ഡ് കോയേയും കടത്തിവെട്ടി വമ്പന്‍ വിജയമായിരിക്കുകയാണ് ആന്റണി വര്‍ഗീസ് കൂടി പ്രധാനകഥാപാത്രമായ ആര്‍.ഡി.എക്‌സ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വീക്കന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്.

Content Highlightl: Antony Varghese Pepe says he is jealous of actor Nivin Pauly