ലാസ്റ്റ് ഡാന്‍സ്! കിരീടവുമായി മെസിയുടെ ലീഗിലേക്ക്? പുത്തന്‍ അധ്യായത്തിന് തുടക്കം കുറിക്കാന്‍ ഗ്രീസ്മാന്‍; റിപ്പോര്‍ട്ട്
Sports News
ലാസ്റ്റ് ഡാന്‍സ്! കിരീടവുമായി മെസിയുടെ ലീഗിലേക്ക്? പുത്തന്‍ അധ്യായത്തിന് തുടക്കം കുറിക്കാന്‍ ഗ്രീസ്മാന്‍; റിപ്പോര്‍ട്ട്
ആദര്‍ശ് എം.കെ.
Thursday, 5th March 2026, 9:30 am

 

അത്‌ലറ്റിക്കോ മാഡ്രിഡ് ഇതിഹാസം അന്റോയിന്‍ ഗ്രീസ്മാന്‍ മേജര്‍ ലീഗ് സോക്കറിലേക്ക് തട്ടകം മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോപ്പ ഡെല്‍ റേ ഫൈനലിന് ശേഷം താരം ലാ ലിഗ വിടുമെന്നും എം.എല്‍.എസിലേക്ക് ചേക്കേറുമെന്നുമാണ് വിവിധ കായികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോപ്പ ഡെല്‍ റേ ഫൈനല്‍ പോരാട്ടത്തില്‍ തന്റെ പഴയ ക്ലബ്ബായ റയല്‍ സോസിഡാഡിനെയാണ് അന്റോയിന്‍ ഗ്രീസ്മാന് നേരിടാനുള്ളത്. തന്റെ മറ്റൊരു പഴയ ക്ലബ്ബായ ബാഴ്‌സലോണയെ പരാജയപ്പെടുത്തിയാണ് ഗ്രീസ്മാന്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത് എന്നതും ശ്രദ്ധേയമാണ്.

അന്റോയിന്‍ ഗ്രീസ്മാന്‍

ഏപ്രില്‍ 19ന് നടക്കുന്ന കോപ്പ ഡെല്‍ റേ ഫൈനല്‍ ഗ്രീസ്മാന് സ്പാനിഷ് ഫുട്‌ബോള്‍ നല്‍കുന്ന അള്‍ട്ടിമേറ്റ് ഫെയര്‍വെല്ലാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവന്റെ പടിയിറക്കം കിരീടനേട്ടത്തോടെ തന്നെയാക്കാന്‍ അത്‌ലറ്റിക്കോ മാഡ്രിഡും കിണഞ്ഞുശ്രമിക്കും.

അത്‌ലറ്റിക്കോ മാഡ്രിഡിനായി 483 മത്സരങ്ങളില്‍ ഗ്രീസ്മാന്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. 210 ഗോളുകളാണ് ഈ മത്സരങ്ങളില്‍ താരത്തിന്റെ സമ്പാദ്യം.

ടീമിനായി ഏറ്റവുമധികം മത്സരം കളിച്ച താരങ്ങളുടെ ലിസ്റ്റില്‍ നിലവില്‍ നാലാമനാണ് ഗ്രീസ്മാന്‍. ക്ലബ്ബ് ഇതിഹാസം തോമസ് റെനോനെസിന്റെ റെക്കോഡിനൊപ്പമാണ് ഗ്രീസ്മാന്‍ നാലാം സ്ഥാനം പങ്കിടുന്നത്.

അന്റോയിന്‍ ഗ്രീസ്മാന്‍

അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം സൂപ്പര്‍ കോപ്പ ഡ എസ്പാന, യുവേഫ യൂറോപ്പ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടം എന്നിവ താരം നേടിയിട്ടുണ്ട്.

സെമിയില്‍ തോല്‍പ്പിച്ച ബാഴ്‌സയ്‌ക്കൊപ്പം ഇതിന് മുമ്പ് കോപ്പ ഡെല്‍ റേ നേടിയ താരം, ഫൈനലിലെ എതിരാളികളായ റയല്‍ സോസിഡാഡിനൊപ്പം സ്പാനിഷ് സെക്കന്‍ഡ് ടയര്‍ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

സെമി ഫൈനലില്‍ 4-3 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ബാഴ്‌സയെ വെട്ടി അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനലിന് യോഗ്യത നേടിയത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം നേടിയ അത്‌ലറ്റിക്കോ മാഡ്രിഡ്, കഴിഞ്ഞ ദിവസം ക്യാമ്പ് നൗവില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടു.

പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തില്‍ നേടിയ ഗോളുകള്‍ ടീമിന് തുണയായി.

ഫൈനലില്‍ റയല്‍ സോസിഡാഡിനെയാണ് ടീമിന് നേരിടാനുള്ളത്. ബാസ്‌ക് ഡെര്‍ബിയില്‍ 2-0 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ടീമിന്റെ വിജയം. രണ്ട് മത്സരങ്ങളിലും ഓരോ ഗോളിന്റെ വിജയമാണ് സോസിഡാഡ് നേടിയത്.

 

Content Highlight: Antoine Griezmann to join MLS after Copa del Rey final, report says

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.