സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാക്കി ജക്കാര്‍ത്ത; ചൈന സന്ദര്‍ശനം റദ്ദാക്കി ഇന്തോനേഷ്യന്‍ പ്രസിഡന്റ്
World
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാക്കി ജക്കാര്‍ത്ത; ചൈന സന്ദര്‍ശനം റദ്ദാക്കി ഇന്തോനേഷ്യന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st August 2025, 2:02 pm

ജക്കാര്‍ത്ത: ഇന്ന് (ഞായറാഴ്ച) നടക്കുന്ന എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ. നിയമസഭാംഗങ്ങളുടെ ശമ്പളത്തെച്ചൊല്ലി ജക്കാര്‍ത്തയില്‍ നടക്കുന്ന ആഭ്യന്തര പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ നീക്കം.

ഇന്തോനേഷ്യയിലെ 580 നിയമസഭാംഗങ്ങള്‍ക്കും ശമ്പളത്തിന് പുറമെ പ്രതിമാസം 3075 ഡോളര്‍ ഭവന അലവന്‍സ് ലഭിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാധാരണക്കാരുടെ ജീവിതച്ചെലവുകള്‍, നികുതി എന്നിവ കുതിച്ചുയരുകയും തൊഴിലില്ലാഴ്മ രൂക്ഷമാകുകയും ചെയ്യുന്നതിനിടെയാണ് നിയമസഭാംഗങ്ങള്‍ക്ക് ശമ്പളത്തിന് പുറമെ പ്രതിമാസം ഈ ഭവന അലവന്‍സ് നല്‍കുന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തില്‍ കുറഞ്ഞത് മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങളും പൊതു മുതലുകളും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് അംഗവും നാസ്‌ഡെം പാര്‍ട്ടി നേതാവുമായ അഹമ്മദ് സഹ്‌റോണിയുടെ വീട് കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

നാഷണല്‍ മാന്‍ഡേറ്റ് പാര്‍ട്ടി നേതാവും നിയമസഭാംഗവുമായ എക്കോപാട്രിയോയുടെ വീട്ടിലും ആക്രമമുണ്ടായതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. രാജ്യത്ത് ആക്രമം വര്‍ധിച്ചതോടെ ടിക് ടോക്ക് അതിന്റെ ലൈവ് പ്രവര്‍ത്തനം താത്കാലികമായി സ്വമേധയാ നിര്‍ത്തിവെച്ചിട്ടുണ്ട്.

ജോലിയിലും വേതനത്തിലും അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു നിയമസഭാംഗങ്ങളുടെ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്നതിനിടെ വെള്ളിയാഴ്ച പൊലീസ് വാഹനം ഒരു മോട്ടോര്‍ സൈക്കിള്‍ ടാക്‌സിയില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു.

തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമായി. പിന്നാലെ ചില സ്ഥലങ്ങളില്‍ കൊള്ളയും നിരവധി ഗതാഗത സൗകര്യങ്ങള്‍ക്ക് നാശനഷ്ടവും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്ന് തന്നെ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മരണപ്പെട്ട ഡ്രൈവറുടെ വീട് സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ ഇന്നലെ (ശനിയാഴ്ച) സര്‍ക്കാര്‍ ഓഫീസിന് നേരെ പ്രതിഷേധക്കാര്‍ വെടിയുതിര്‍ക്കുകയും അതില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ പ്രബോവോ സുബിയാന്റോ ഈ അരാജകത്വ പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിട്ടു.

രാജ്യത്തിലെ പൗരന്മാര്‍ക്ക് അഭിപ്രായ പ്രകടനത്തിനും സംഘടിക്കാനും അവകാശമുണ്ടെങ്കിലും കെട്ടിടങ്ങളും പൊതു മുതലുകളും കത്തിക്കുന്നതും പൊലീസ് ആസ്ഥാനത്തിന് നേരെയുള്ള ആക്രമണങ്ങളുമെല്ലാം നിയമലംഘനമാണെന്ന് ദേശീയ പൊലീസ് മേധാവി ലിസ്റ്റിയോ സിജിത് അറിയിച്ചു.

Content Highlight: Anti-government protests intensify in Jakarta; Indonesian president cancels China visit