ന്യൂദല്‍ഹി: ദളിത് വിദ്യാര്‍ത്ഥികള്‍ കറുത്ത വര്‍ഗക്കാരെ പോലെ ഇരവാദം മുഴക്കുകയാണെന്ന ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിന്റെ പരാമര്‍ശത്തിനെതിരെ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
ഇടത് വിദ്യാര്‍ത്ഥി സംഘടനയിലെ അംഗങ്ങളടക്കം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
ഞായറാഴ്ച രാത്രിയില്‍ ആരംഭിച്ച പ്രതിഷേധത്തിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കല്ലേറുണ്ടാവുകയായിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. നിലവില്‍ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
വി.സി ശാന്തിശ്രീ പണ്ഡിറ്റ് രാജി വെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ട് സബര്‍മതി ടി പോയിന്റില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് വി.സിയുടെ വസതിക്ക് സമീപത്തെ ഈസ്റ്റ് ഗേറ്റിലാണ് അവസാനിച്ചത്.
അതേസമയം, മാര്‍ച്ചിന് നേരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കല്ലെറിയുകയും നിരായുധരായ വിദ്യാര്‍ത്ഥികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നെന്നും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എ.ഐ.എസ്.എ) ഉള്‍പ്പടെയുള്ള ഇടതുപക്ഷ സംഘടനകള്‍ അറിയിച്ചു.
അഡ്മിനിസ്‌ട്രേഷന്റെ പിന്തുണയോടെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ആരോപണം നിഷേധിച്ച് എ.ബി.വി.പി രംഗത്തെത്തി. എന്നാല്‍ വിഷയത്തില്‍ സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ജെ.എന്‍.യു പോലൊരു ക്യാമ്പസില്‍ ഇത്തരത്തിലൊരു വി.സിക്ക് സ്ഥാനമില്ലെന്ന് കഴിഞ്ഞവര്‍ഷം സര്‍വകലാശാലയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട മുന്‍ ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് നിതീഷ് കുമാര്‍ പറഞ്ഞു.
ഈ പ്രതിഷേധം തുടരുമെന്നും ജെ.എന്‍.യുവിലെ നിരവധി ഡിപ്പാര്‍ട്ട്‌മെന്റികളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞയാഴ്ച ഒരു പോഡ്കാസ്റ്റിലാണ് ജെ.എന്‍.യു വി.സി വിവാദമായ പരാമര്‍ശം നടത്തിയത്. സ്ഥിരമായ ഒരു ഇരവാദം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും ഈ വാദം മുമ്പോട്ടുവെക്കുന്നതിലൂടെ നമുക്ക് ഒരിക്കലും പുരോഗതി കൈവരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ശാന്തിശ്രീ ദുലിപുടിയുടെ പരാമര്‍ശം.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം ഇല്ലാതാക്കാന്‍ യു.ജി.സി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ യുക്തിരഹിതമാണ്.
നേരത്തെ കറുത്ത വര്‍ഗക്കാര്‍ ഉന്നയിച്ച ഇരവാദമാണ് ഇപ്പോള്‍ ദളിതര്‍ ഇവിടേയ്ക്ക് കൊണ്ടുവന്നത്. ഇതുപയോഗിച്ച് ആര്‍ക്കും പുരോഗതി കൈവരിക്കാന്‍ സാധിക്കില്ല. ഇത് കേവലം താത്കാലിക മയക്കുമരുന്ന് മാത്രമാണെന്നായിരുന്നു അവരുടെ വാക്കുകള്‍.
Content Highlight: Anti-Dalit remarks; Hundreds of students march demanding resignation of JNU VC; ABVP attacks