തിരുവനന്തപുരം: രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ശക്തമാക്കുന്നതില്‍ ആശങ്ക അറിയിച്ച് സി.ബി.സി.ഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. ഇത്തരം നിയമങ്ങള്‍ ശക്തമാക്കുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാനാണെന്ന് ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്നത് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുകാണുമെന്നും ആശങ്ക അറിയിക്കുമെന്നും ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ആക്രമിക്കാനാണ് മതപരിവര്‍ത്തന നിരോധന നിയമമെന്ന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരെ സഹായിക്കുന്നതും വിദ്യാഭ്യാസം അടക്കമുള്ള സഹായങ്ങള്‍ ചെയ്യുന്നതും മതപരിവര്‍ത്തനത്തിന് വേണ്ടിയാണെന്ന് വ്യാഖ്യാനിച്ച് നടത്തുന്ന ആക്രമണങ്ങളില്‍ ന്യൂനപക്ഷത്തിന് ആശങ്കയുണ്ടെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ദല്‍ഹിയില്‍ നടക്കുന്ന നിസിയ കൗണ്‍സിലിന്റെ 1700ാം വാര്‍ഷികവും എക്യുമെനിക്കല്‍ ജൂബിലിയും ആഘോഷിക്കാനെത്തിയതായിരുന്നു ആന്‍ഡ്രൂസ് താഴത്ത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 11,12 തീയതികളിലായി ദല്‍ഹിയില്‍ വെച്ച് സി.ബി.സി.ഐ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗവും ചേരും.
കഴിഞ്ഞദിവസം രാജസ്ഥാന്‍ നിയമസഭയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കിയ സാഹചര്യത്തിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം. രാജസ്ഥാനില്‍ ചൊവ്വാഴ്ച ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന ബില്‍ പ്രകാരം മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപവരെ പിഴയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിര്‍ബന്ധിതമായോ കബളിപ്പിച്ചോ പ്രലോഭിപ്പിച്ചോ ബലംപ്രയോഗിച്ചോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് കടുത്തശിക്ഷ ലഭിക്കുമെന്ന് ബില്ലില്‍ പറയുന്നുണ്ട്. കൂട്ട മതപരിവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ഇത്തരം കേസുകളില്‍ കുറ്റം നടന്നോ എന്ന് സെഷന്‍സ് കോടതിക്ക് കണ്ടെത്താവുന്നതാണ്. ജാമ്യമില്ലാ കുറ്റം ചുമത്താനും വിചാരണ ചെയ്യാനും സെഷന്‍സ് കോടതിക്ക് അധികാരമുണ്ടായിരിക്കും.
വിവാഹം മതപരിവര്‍ത്തനത്തിനായി മാത്രം നടത്തിയതാണെന്ന് തെളിഞ്ഞാല്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കും. ഇത്തരം വിവാഹങ്ങള്‍ക്ക് മുമ്പോ ശേഷമോ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായിരിക്കുമെന്നും ബില്ലില്‍ പറയുന്നു. മുമ്പത്തെ മതത്തിലേക്ക് മടങ്ങുന്നവരെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ മതപരിവര്‍ത്തന വിരുദ്ധനിയമം നിലവില്‍ വരുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമായി മാറും രാജസ്ഥാന്‍. ഒഡിഷ, അരുണാചല്‍പ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടക, ജാര്‍ഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ളത്.
Content Highlight: Anti-Conversion Law to Attack Minorities; Archbishop Andrews Thazhath Says He Will Meet Modi