മതപരിവര്‍ത്തന നിരോധനം ഭരണഘടനാ വിരുദ്ധം: ഹരജിയില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
India
മതപരിവര്‍ത്തന നിരോധനം ഭരണഘടനാ വിരുദ്ധം: ഹരജിയില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd November 2025, 9:37 pm

ന്യൂദല്‍ഹി: രാജസ്ഥാന്‍ സര്‍ക്കാരിന്റെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. ഈ നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജികള്‍ പരിഗണിച്ചാണ് നോട്ടീസ്.

നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന രണ്ട് ഹരജികളില്‍ വാദം കേള്‍ക്കാമെന്ന് തിങ്കളാഴ്ച സുപ്രീംകോടതി അറിയിക്കുകയായിരുന്നു.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത്ത എന്നിവരടങ്ങിയ ബെഞ്ചാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ മറുപടി തേടി നോട്ടീസയച്ചിരിക്കുന്നത്. സെപ്റ്റംബറിലാണ് നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന ബില്‍(2025) രാജസ്ഥാന്‍ നിയമസഭ പാസാക്കിയത്.

അതേസമയം, ഈ നിയമനിര്‍മാണത്തില്‍ നിങ്ങള്‍ എന്തിനാണ് അസ്വസ്ഥരാകുന്നത് എന്ന് കോടതി ഹരജിക്കാരോട് ചോദിച്ചു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ എന്തുകൊണ്ടാണ് ഹരജിക്കാര്‍ നിയമം ചോദ്യം ചെയ്യാത്തതെന്നും സുപ്രീംകോടതി ചോദിച്ചതായി ലോ ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് ഹരജികള്‍ പരിഗണിച്ച സുപ്രീം കോടതി ഒരു മാസത്തിന് ശേഷം വാദം കേള്‍ക്കുമെന്നും അറിയിച്ചു.

അതേസമയം, നിരവധി സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന വിരുദ്ധനിയമങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്ന സമാനമായ ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ അഭയ് മഹാദിയോ തിപ്‌സെ അറിയിച്ചു.

ഈ ഹരജികളില്‍ അന്തിമമായി തീര്‍പ്പുണ്ടാക്കുന്നതുവരെ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിയമത്തിലെ ശിക്ഷകള്‍ അമ്പരപ്പിക്കുന്നതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

വഞ്ചിച്ച് കൂട്ടമതപരിവര്‍ത്തനം നടത്തിയാല്‍ 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ഏഴ് മുതല്‍ പതിനാല് വര്‍ഷം വരെ തടവും ലഭിക്കാവുന്ന വ്യവസ്ഥകളാണ് രാജസ്ഥാന്‍ നിയമസഭ പാസാക്കിയിരിക്കുന്നത്.

സ്ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ വഞ്ചനയിലൂടെ മതം മാറ്റിയാല്‍ 10 മുതല്‍ 20 വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ലഭിക്കുക.

നേരത്തെ, സെപ്റ്റംബറില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരുന്നു.

മറുപടി കിട്ടിയാല്‍ മാത്രമേ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനാകൂവെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

നിലവില്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ളത്. ഈ നിയമങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന നിരവധി ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Content Highlight: Anti Conversion Law: Supreme Court issues notice to Rajasthan government on petition