ദൃശ്യം 3 പോലെ ഒരു മെഗാഹിറ്റിന്റെ ഭാഗമാവുകയും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു മുഴുനീള വേഷത്തിലെത്തി ആ കഥാപാത്രത്തെ ഗംഭീരമായി സ്‌ക്രീനില്‍ എത്തിക്കുകയും ചെയ്ത നടിയാണ് അന്‍സിബ ഹസന്‍.
ഏറെ സന്തോഷിക്കേണ്ട ഒരു സമയത്ത് വലിയ വിവാദങ്ങളിലൂടെ കടന്നുപോകുകയാണ് താരം. അമ്മ സംഘടനയില്‍ നിന്ന് നേരിട്ട പ്രശ്‌നങ്ങളും കേസുകളുമൊക്കെയായി ജീവിതത്തിലെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്.
ദൃശ്യം സിനിമയില്‍ ഒരു ക്രൈം ചെയ്തിട്ടും പൊലീസ് സ്റ്റേഷനില്‍ കയറേണ്ട അവസ്ഥ അഞ്ജു എന്ന കഥാപാത്രത്തിന് വന്നിരുന്നില്ല. എന്നാല്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു തെറ്റും ചെയ്യാതെ പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നെന്നും വലിയ മാനസിക ബുദ്ധിമുട്ടുകള്‍ തനിക്ക് അനുഭവിക്കേണ്ടി വന്നെന്നും അന്‍സിബ പറയുന്നു.
പല കാര്യങ്ങളും താന്‍ തുറന്നുപറഞ്ഞിരുന്നില്ലെന്നും പൊലീസ് സ്റ്റേഷനില്‍ നിന്നും വലിയ ദുരനുഭവം തനിക്ക് നേരിടേണ്ടി വന്നെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു.
‘ഞാന്‍രാജി വെച്ച സമയത്ത് പോലും കാര്യങ്ങള്‍ ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നെ വ്യക്തിഹത്യ ചെയ്ത കാര്യങ്ങള്‍, എന്നെ ഇത്തരത്തില്‍ വര്‍ഗീയവാദിയായിട്ട് മുദ്ര കുത്താന്‍ ശ്രമിച്ച കാര്യങ്ങള്‍ ഒന്നും ഞാന്‍ പുറത്തുപറഞ്ഞിരുന്നില്ല. ഇനി ഒരു സ്ത്രീയെ പറ്റി എന്നല്ല
ഒരു മനുഷ്യനെ പറ്റി, ആണിനെ പറ്റിയാണെങ്കിലും പെണ്ണിനെ പറ്റിയാണെങ്കിലും ഇത്തരത്തില്‍ അപവാദകഥകള്‍ ഒന്നും പറയാന്‍ പാടില്ല.
അത്തരത്തിലാണ് അപവാദകഥകള്‍ പറഞ്ഞിരിക്കുന്നത്. അപവാദം പറയുക എന്നുള്ളത് കുറെയൊക്കെ നമ്മള്‍ സഹിക്കും
എന്നാലും കേള്‍ക്കുമ്പോള്‍ നമുക്ക് എത്ര വിട്ടു കൊടുത്തു കഴിഞ്ഞാല്‍ അത് പോട്ടെ എന്തെങ്കിലും പറയട്ടെ എന്ന് വിചാരിച്ചാലും വേദന വരും.
അതുപോലെ ഒരു എഫ്.ഐ.ആര്‍ പോലും ഇടാത്ത, ഒറ്റനോട്ടത്തില്‍ തന്നെ വ്യാജപരാതിയാണെന്ന് മനസ്സിലാകുന്ന ഒരു കാര്യത്തില്‍ വളരെ ഇന്‍ഫ്‌ലുവന്‍സ് ഉണ്ടെന്ന് മനസ്സിലാക്കുന്ന തരത്തില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ വിളിച്ചു കേറ്റി മൂന്നു മണിക്കൂറോളം അവര്‍ എന്നെ ഹരാസ് ചെയ്തു.
സത്യത്തില്‍ ‘ദൃശ്യം’ പോലൊരു സിനിമയില്‍ ഞാന്‍ ഇത്രയും ബുദ്ധിമുട്ടിയിട്ടില്ല. അപ്പോള്‍ എനിക്ക് അത് ഭയങ്കര ഭയങ്കര വേദനയായിരുന്നു
ആ സിനിമയില്‍ ഒരു ക്രൈം ചെയ്തിട്ടും ആ കുട്ടിക്ക് പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നിട്ടില്ല. ഇത് ഒന്നും ചെയ്യാതെ യഥാര്‍ത്ഥ ജീവിതത്തില്‍ എന്നെ പൊലീസ് സ്റ്റേഷനില്‍ കേറ്റിയിരുത്തി.
നമ്മുടെ ലോ പ്രകാരം നോട്ടീസ് ഇല്ലാതെ വിളിപ്പിക്കാന്‍ പാടില്ല. അന്ന് എനിക്കത് അറിയില്ലായിരുന്നു. വിളിച്ച പാടെ കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ അങ്ങോട്ട് പോയി. പോയി അവിടെ മൂന്നു മണിക്കൂറിലേറെ ഇരുന്നു.
അവിടെ പരാതി കൊടുത്ത ആള്, പരാതി കൊടുത്ത ആളുടെ ഭര്‍ത്താവ്, എസ്.ഐ – മൂന്നു പേരും കൂടെ ഇങ്ങനെ ഇരുന്ന് ചോദ്യം ചോദിച്ചുകൊണ്ട് ഭയങ്കര ഇന്ററോഗേഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ട് പരാതി കൊടുത്ത ആള്‍ തന്നെ ഇത് റെക്കോര്‍ഡും ചെയ്യുന്നുണ്ട്
അത് പിന്നീടാണ് ഞാന്‍ അറിഞ്ഞത്.
ഈ പരാതി കൊടുത്ത ആള്‍ പിന്നീട് മൊഴിയെടുക്കാന്‍ വേണ്ടി വിളിച്ച സമയത്ത് എന്റെ കയ്യില്‍ ഒരു മണിക്കൂര്‍ 17 മിനിറ്റ് എത്രയോ സെക്കന്‍ഡ് ഡിജിറ്റല്‍ തെളിവുണ്ടെന്ന് പറയുന്നു. ഞാന്‍ ഞെട്ടിപ്പോയി. അത്രയും പ്ലാന്‍ ചെയ്തു വന്നിരിക്കുകയാണ് അവിടെ.
അതേ പരാതിക്കാരി തന്നെ ഇതിലൊന്നും കഴമ്പില്ല എന്ന് പോലീസ് പറഞ്ഞപ്പോള്‍ പറയുന്നത് ഈ കുട്ടി പറയുന്നതെല്ലാം നുണയാണ്, ഈ കുട്ടി അവിടെ വന്നിട്ട് ആകെ സ്‌പെന്‍ഡ് ചെയ്തത് 20 മിനിറ്റ് ആണ് എന്ന് പറഞ്ഞു ആദ്യം
അതായത് മൊഴി കൊടുക്കാന്‍ പോകുന്നതിന് മുന്നേ പരാതിക്കാരി പറഞ്ഞിട്ടുണ്ട് ഒരു മണിക്കൂര്‍ 17 മിനിറ്റ് അന്‍സിബ സംസാരിക്കുന്ന അല്ലെങ്കില്‍ അതിന്റെ ഡിജിറ്റല്‍ തെളിവുണ്ടെന്ന് പിന്നീട് റിപ്പോര്‍ട്ട് വന്ന സമയത്ത് പറയുന്നത് 20 മിനിറ്റ് എങ്ങണ്ടാണ് ആ കുട്ടി സംസാരിച്ചത് എന്ന്.
ഇതില്‍ ഏറ്റവും വലിയ കോമഡി എന്താണെന്ന് വെച്ചാല്‍ എനിക്ക് പോലീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലും ഈ 20 മിനിറ്റ് എങ്ങാണ്ടാണ്, ഈ പരാതിക്കാരി പറഞ്ഞ അതേ ടൈം ഡ്യൂറേഷന്‍ ആണ് കൊടുത്തിരിക്കുന്നത്. ഒരു ഒത്തുകളി പോലെയാണ് ഇത് സംഭവിച്ചത്,’ അന്‍സിബ പറഞ്ഞു.
അവിടെ വെച്ച് തന്നെ കൊണ്ട് നിര്‍ബന്ധപൂര്‍വം ഖേദപ്രകടനം എഴുതിവാങ്ങിച്ചെന്നും അതിന്റെ ഫോട്ടോ പരാതിക്കാരി എടുത്തെന്നും അന്‍സിബ പറഞ്ഞു. ഇത് ട്രാപ്പ് ആണ് എന്ന് എനിക്ക് മനസിലായി. കാരണം ഞാന്‍ ഇനി കമ്മിറ്റിയില്‍ വന്ന് വാ തുറക്കാന്‍ പാടില്ല.
വാ തുറന്നാല്‍ അപ്പോള്‍ ഈ പേപ്പര്‍ എടുത്തു കാണിക്കും – കണ്ടോ ഈ കുട്ടിക്കെതിരെ ഞാന്‍ പരാതി കൊടുത്തിട്ട് എനിക്ക് മാപ്പ് എഴുതി തന്നവളാണ് ഇവള്‍ എന്ന് പറയും.
എന്റെ ഡിഗ്‌നിറ്റിയെ ബാധിക്കുന്ന കാര്യമല്ലേ?എനിക്ക് നാളെ മുതല്‍ വാ തുറക്കാന്‍ പറ്റാത്ത ഒരു അവസ്ഥയല്ലേ? സത്യം പറഞ്ഞു കഴിഞ്ഞാല്‍ അതൊരു ബ്ലാക്ക് മെയില്‍ പോലത്തെ ഒരു സംഭവമാണ്. എനിക്ക് ഭയങ്കര പേടിയായി, അന്‍സിബ പറഞ്ഞു.
അതിന്റെ കോപ്പി താന്‍ ചോദിച്ചെങ്കിലും തന്നില്ലെന്നും താന്‍ ഒപ്പിട്ടു പോയ പരാതിയുടെ താഴെ ഒന്ന് രണ്ട് വാചകങ്ങള്‍ പൊലീസ് എഴുതിചേര്‍ത്തിരുന്നെന്നും അന്‍സിബ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇതിന് പിന്നാലെയാണ് തന്നെ വ്യാജമായിട്ടുള്ള ഒരു പരാതിയുടെ പുറത്ത് എഫ്.ഐ.ആര്‍ പോലും ഇടാതെ മൂന്നു മണിക്കൂര്‍ തൃപ്പൂണിത്തറ വനിതാ സെല്ലില്‍ എന്നെ ഹരാസ് ചെയ്തു എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി കൊടുത്തതെന്നും അന്‍സിബ പറഞ്ഞു.
Content Highlight: Ansiba Hassan on Drishyam’s Anju and real-life incidents she faced