ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിച്ചതില്‍ വെച്ച് ഏറ്റവും മികച്ച സീറ്റ് എഡ്ജ് ത്രില്ലറുകളിലൊന്നായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ റിലീസ് ചെയ്ത ദൃശ്യം. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന് 2021 ല്‍ രണ്ടാം ഭാഗം ഒരുക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് മൂന്നാം ഭാഗവുമായി മെയ് 22ന് തിയേറ്ററുകളിലേക്കെത്താനൊരുങ്ങുകയാണ് ജീത്തു ജോസഫ്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി വേഷമിട്ട അന്‍സിബ ഹസന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഷോട്ടിനിടെ മോഹന്‍ലാല്‍ ചെയ്ത ഒരു കാര്യത്തെ കുറിച്ചാണ് അന്‍സിബ അഭിമുഖത്തില്‍ സംസാരിച്ചത്.
‘ദൃശ്യം ആദ്യഭാഗത്തിന്റെ ക്ലൈമാക്‌സില്‍ കുഴിയില്‍ നിന്നും പശുക്കുട്ടിയെ എടുക്കുന്ന സീനുണ്ട്. ആ സീനില്‍ ആശ ചേച്ചിയും സിദ്ദിഖിക്കയും ആകാക്ഷയോടെ ജോര്‍ജ് കുട്ടിയെ നോക്കുന്നുണ്ട്. അപ്പോള്‍ ലാലേട്ടന്‍ ഞാനൊന്നും ചെയ്തില്ല എന്ന മട്ടിലാണ് നില്‍ക്കുന്നത്. ഓഡിയന്‍സും വല്ലാതെ ടെന്‍ഷനിലാണ്. ഇനി കിട്ടിയത് വരുണിന്റെ ബോഡിയാണോ എന്നറിയാനുള്ള ആകാംക്ഷയാണ് എല്ലാവര്‍ക്കും.
അന്ന് സെറ്റില്‍ ഏതോ ഒരു ആര്‍ട്ടിസ്റ്റിന്റെ ബര്‍ത്‌ഡേയോ മറ്റോ ആയിരുന്നു. എല്ലാവര്‍ക്കും ലഡു വിതരണം ചെയ്തിട്ടുണ്ടായിരുന്നു. ഈ ഷോട്ട് എടുക്കുന്നതിന് തൊട്ട് മുമ്പ് ഞാന്‍ ലഡു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് റോളിങ് പറഞ്ഞത്. ഉടന്‍ തന്നെ ലഡുവിന്റെ പകുതി ഞാന്‍ വിഴുങ്ങി. ബാക്കി പകുതി എന്റെ കൈയിലുണ്ടായിരുന്നു. അത് വെക്കാനൊരു സ്ഥലമില്ലായിരുന്നു. ഫുഡായത് കൊണ്ട് നമുക്ക് താഴെയിടാന്‍ പറ്റില്ലല്ലോ.
അത് പിടിച്ച് നിന്ന എന്റെ കൈയില്‍ നിന്നും ലഡു വാങ്ങിച്ച് ലാലേട്ടന്‍ അദ്ദേഹത്തിന്റെ പോക്കറ്റിലേക്കിട്ടു. ആ സീനില്‍ നോക്കിയാല്‍ കാണാന്‍ പറ്റും ലാലേട്ടന്‍ നെഞ്ചില്‍ കൈ വെച്ച് നില്‍ക്കുന്നത്. ഇത് മറക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. എന്നിട്ട് ഷോട്ട് കഴിഞ്ഞപ്പോള്‍ കുറച്ച് ചതുങ്ങിപ്പോയി കഴിച്ചോ എന്ന് പറഞ്ഞ് എനിക്ക് തന്നെ തിരിച്ച് തന്നു,’ അന്‍സിബ പറഞ്ഞു.
Content Highlight: Ansiba Hasan talks about Drishyam 3 memory with Mohanlal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.