ദൃശ്യം വരുമ്പോള്‍ മാത്രം പൊങ്ങിവരുന്ന നടിയെന്ന് എന്നെ ട്രോളുന്നവരുണ്ട്, അവരോട് ഒന്നേ പറയാനുള്ളൂ: അന്‍സിബ ഹസന്‍
Malayalam Cinema
ദൃശ്യം വരുമ്പോള്‍ മാത്രം പൊങ്ങിവരുന്ന നടിയെന്ന് എന്നെ ട്രോളുന്നവരുണ്ട്, അവരോട് ഒന്നേ പറയാനുള്ളൂ: അന്‍സിബ ഹസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd August 2025, 9:35 am

മോഹന്‍ലാല്‍- ജിത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് അന്‍സിബ ഹസന്‍. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തില്‍ ബാലതാരമായാണ് അന്‍സിബ സിനിമാജീവിതം ആരംഭിച്ചത്. മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ അന്‍സിബ AMMAയുടെ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

ഇന്‍ഡസ്ട്രി മുഴുവന്‍ കാത്തിരിക്കുന്ന ദൃശ്യം 3യിലും അന്‍സിബ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ട് അടുത്ത മാസം തുടങ്ങുമെന്ന് താരം പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ പറയാനായിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ദൃശ്യം സിരീസ് വരുമ്പോള്‍ മാത്രം പൊങ്ങിവരുന്ന നടിയെന്ന് തന്നെ ട്രോളുന്നവരുണ്ടെന്നും അന്‍സിബ പറയുന്നു.

ദൃശ്യം 3 അനൗണ്‍സ് ചെയ്ത സമയത്ത് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും വന്നിരുന്നു. ‘ദൃശ്യം വരുമ്പോള്‍ മാത്രം പൊങ്ങിവരുന്ന നടി’ എന്നായിരുന്നു പലരും പറഞ്ഞത്. ഈ ട്രോളൊക്കെ ചിലര്‍ എനിക്ക് അയച്ചുതന്നിട്ടുണ്ടായിരുന്നു. അവര്‍ ആകെ കണ്ട എന്റെ സിനിമ ദൃശ്യം മാത്രമായിരിക്കും. അല്ലാതെ വേറെയും സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.

പക്ഷേ, ഭൂരിഭാഗം ആളുകളും കണ്ട ഒരു സിനിമ ദൃശ്യം മാത്രമാണ്. ഇടയില്‍ ചെയ്ത മറ്റ് സിനിമകള്‍ അവര്‍ കാണാത്തതില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. എന്നിട്ടും അവരെന്നെ ഓര്‍ക്കുന്നുണ്ടല്ലോ. കെ.ജി.എഫ് പടത്തില്‍ യഷ് പറയുന്ന ഒരു ഡയലോഗുണ്ടല്ലോ ‘ഏതെങ്കിലും പത്തുപേരെ തല്ലി ഡോണായതല്ല ഞാന്‍, ഞാന്‍ തല്ലി പത്തുപേരും ഡോണായിരുന്നു’ എന്ന്.

അതുപോലെയാണ് എന്റെ കാര്യവും. ഏതെങ്കിലും ഒരു സിനിമ ചെയ്ത് ആളുകളിലേക്ക് അറിയപ്പെട്ട ഒരു ആര്‍ട്ടിസ്റ്റല്ല ഞാന്‍. ദൃശ്യം എന്നൊരു ബ്രാന്‍ഡ് സിനിമയില്‍ അഭിനയിച്ച ഒരാളാണെന്ന് കുറച്ച് അഹങ്കാരത്തോടെ തന്നെ ഞാന്‍ പറയും. അതുകൊണ്ട് കളിയാക്കലും ട്രോളുകളും എന്നെ ഒരിക്കലും സങ്കടപ്പെടുത്തില്ല,’ അന്‍സിബ ഹസന്‍ പറയുന്നു.

നിലവില്‍ വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഒക്ടോബറിലാകും ദൃശ്യം 3യുടെ ഷൂട്ട് ആരംഭിക്കുക. ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി ഒന്നടങ്കം ദൃശ്യം 3യ്ക്കായി കാത്തിരിക്കുന്നുണ്ട്. മലയാളം വേര്‍ഷന് മുമ്പ് ഹിന്ദി വേര്‍ഷന്‍ പുറത്തിറക്കാന്‍ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ശ്രമം നടത്തിയെങ്കിലും ഫലം കാണാത്തത് വലിയ വാര്‍ത്തയായിരുന്നു.

Content Highlight: Ansiba Hasaan about the trolls about her after Drishyam 3 announcement