കല്‍പ്പറ്റ: വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയാക്രമണം. ആര്‍.ആര്‍.ടി അംഗം ജയസൂര്യക്ക് പരിക്ക് സംഭവിച്ചു. കടുവയെ പിടികൂടാന്‍ ഇറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.
ജയസൂര്യയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ആർ.ആർ.ടി അംഗത്തിന് പരിക്ക് പറ്റിയതായി മന്ത്രി ഒ.ആർ. കേളുവും സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
10 ടീമുകളായാണ് ആര്‍.ആര്‍.ടി സംഘം കടുവയെ പിടികൂടാന്‍ ഇറങ്ങിയത്. റെസ്ക്യൂ നടക്കുന്ന മേഖലയിലേക്ക് നാട്ടുകാർക്കും മാധ്യമ പ്രവർത്തകർക്കും പ്രവേശനമില്ല.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ കടുവയുടെ സാന്നിധ്യം മാര്‍ക്ക് ചെയ്തതായാണ് വിവരം.
പഞ്ചാരക്കൊല്ലിയില്‍ കടുവ കടിച്ചുകൊന്ന നിലയില്‍ ആദിവാസി യുവതിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
കടുവയെ വെടിവെച്ച് കൊല്ലാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നുമായിരുന്നു നാട്ടുകാരുടെ ഭാഗം. എന്നാല്‍ കടുവയെ കൊല്ലുമെന്ന് മന്ത്രി ഒ.ആര്‍. കേളു ഉറപ്പ് നല്‍കിയതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപത്താണ് കടുവ ആക്രമണം ഉണ്ടായത്. വനംവകുപ്പിലെ താത്കാലിക വാച്ചറുടെ ഭാര്യ രാധ (45) ആണ് മരിച്ചത്.
തോട്ടത്തില്‍ കാപ്പി പറയ്ക്കാന്‍ പോയപ്പോഴാണ് യുവതിയെ കടുവ ആക്രമിച്ചത്. തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.