മസ്‌കറ്റ്: ഒമാന്‍ തീരത്തിന് സമീപം കപ്പലിന് നേര്‍ക്കുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ കാണാതായി. ചരക്ക് കപ്പലായ സെറ്റബെല്ലോയ്ക്ക് നേര്‍ക്കാണ് ഒമാന്‍ തീരത്തോട് ചേര്‍ന്ന സമുദ്രമേഖലയില്‍ വച്ച് ആക്രമണമുണ്ടായത്.

കപ്പല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിരച്ചിലും രക്ഷാ പ്രവര്‍ത്തനവും തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തിരിച്ചിലും രക്ഷാ പ്രവര്‍ത്തനവും നടന്നുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഒമാന്‍ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്’ വിദേശ കാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് റണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

കപ്പലിന് നേര്‍ക്കുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കപ്പലില്‍ 24 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ 21 പേരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

തിങ്കളാഴ്ച 24 ഇന്ത്യക്കാരുമായി ഒമാന്‍ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന എം.ടി മാട്രിവെക്‌സ് എന്ന കപ്പലിന് നേര്‍ക്കും മിസൈല്‍ ആക്രമണം നടന്നിരുന്നു. ഈ കപ്പലിലെ 24 പേരെയും പിന്നീട് സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തിരുന്നു. യു.എസ്. മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചുവെന്ന, ഒരു ക്രൂ മെമ്പറുടെ ശബ്ദ സന്ദേശവും അന്ന് പുറത്തു വന്നിരുന്നു.

ഇപ്പോള്‍ സെറ്റബെല്ലോ എന്ന കപ്പലിന് നേര്‍ക്ക് ആക്രമണം നടത്തിയത് യു.എസ് ആണെന്ന് ഫോര്‍വേഡ് സീമാന്‍ യൂണിയന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇപ്പോള്‍ കപ്പലുകള്‍ ഇപ്പോള്‍ ആക്രമിക്കപ്പെടുന്നത്.

കപ്പലുകള്‍ക്ക് നേര്‍ക്കുള്ള തുടര്‍ച്ചയായ ആക്രമണം ആശങ്കപ്പെടുത്തുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ചരക്ക് കപ്പലുകളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കിലിന് സമീപമുള്ള സമുദ്ര മേഖലയില്‍ വച്ചായിരുന്നു എം.ടി മാട്രിവെക്‌സ് കപ്പല്‍ തിങ്കളാഴ്ച ആക്രമിക്കപ്പെട്ടത്. ഹോര്‍മുസിന് പുറത്ത് ഗള്‍ഫ് ഓഫ് ഒമാന്റെ തെക്കന്‍ മേഖലയില്‍ ഒമാന്‍ കിഴക്കന്‍ തീരത്തോടടുത്തായിരുന്നു സംഭവ സമയത്ത് എം.ടി മാട്രിവെക്‌സ് എന്ന കപ്പല്‍.

കപ്പലിലുണ്ടായിരുന്നവരുടെ അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്ന് അപകട വിവരം പുറത്തറിഞ്ഞത്. കപ്പലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോര്‍വേഡ് സീമാന്‍സ് യൂണിയഐഐഓന്‍ ഓഫ് ഇന്ത്യ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ ഒമാന്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി ഈ പോസ്റ്റിനോട് പ്രതികരിച്ചിരുന്നു.

അപകടത്തിന്റെ വീഡിയോയും ഫോര്‍വേഡ് സീമാന്‍സ് യൂണിയന്‍ അന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. തീപ്പിടത്തില്‍ കപ്പലില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായെന്നും മുങ്ങാന്‍ സാധ്യതയുണ്ടെന്നും കപ്പലില്‍ നിന്നുള്ള അപായ സന്ദേശത്തില്‍ പറയുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Another Ship with Indians Attacked Near Oman Coast