അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; നാല് മരണം, 10ലധികം പേര്‍ക്ക് പരിക്ക്
World
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; നാല് മരണം, 10ലധികം പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th October 2025, 9:46 pm

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. യു.എസിലെ മിസിസിപ്പിയിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ നാല് പേര്‍ മരിച്ചതായാണ് വിവരം. 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

മിസിസിപ്പിയിലെ ഒരു സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ പരിശീലനത്തിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മിസിസിപ്പിയിലെ ലെലാന്‍ഡില്‍ നഗരത്തിലാണ് സംഭവം.

ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

സംഭവത്തില്‍ മിസിസിപ്പി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചു. നിലവില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും മേയര്‍ ജോണ്‍ ലീ സി സി.എന്‍.എന്നിനോട് പറഞ്ഞു.


18 വയസുകാരനായ ടൈലര്‍ ജറോഡ് ഗുഡ്ലോ എന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

ആഗസ്റ്റില്‍ അമേരിക്കയിലെ മിനിയാപൊളിസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ത്തിരുന്നു. ആക്രമണത്തില്‍ തോക്കുധാരി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അക്രമിക്ക് പുറമെ എട്ടും പത്തും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ചത്.

മിനിസോട്ടയിലെ ഒരു കത്തോലിക്കാ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളിനോട് ചേര്‍ന്നുള്ള പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത് പുറത്തേക്കിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ആക്രമണത്തില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

Content Highlight: Another gun shoot in America; Four dead, more than 10 injured