സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
Kerala
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd August 2025, 9:43 pm

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുള്ള വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്നലെ (വെള്ളി) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 47കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 21 ദിവസമായി ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച്ച മരിച്ച ഒമ്പത് വയസുകാരി അനയയുടെ സഹോദരനായ ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണ്.

അനയ കുളിച്ച അതേ കുളത്തില്‍ ഏഴ് വയസുകാരനും കുളിച്ചുവെന്നാണ് വിവരം. വ്യാഴാച്ചയാണ് താമരശ്ശേരി ആനപ്പാറ സ്വദേശിയായ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

നിലവില്‍ മലപ്പുറം സ്വദേശിയായ 49കാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അന്നശ്ശേരി സ്വദേശിയായ 38കാരനും രോഗം ബാധിച്ച് ചികിത്സയില്‍ തുടരുകയാണ്.

സംസ്ഥാനത്തുടനീളം രോഗലക്ഷണം ഉള്ളവരുടെ ലിസ്റ്റില്‍ 24 പേരാണുള്ളത്. 2024ല്‍ 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേര്‍ മരിച്ചു.  2023ല്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേരും മരിക്കുകയും ചെയ്തിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം:

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല.

രോഗ ലക്ഷണങ്ങള്‍:

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍

Content Highlight: Another Amebic Meningoencephalitis Case in kerala