ജാസ്മിന്‍ ഷാ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി രഹസ്യധാരയുണ്ടാക്കിയെന്ന് ആരോപണം; സ്ഥീരികരിച്ച് മാനേജ്‌മെന്റ് പ്രതിനിധിയും
Kerala
ജാസ്മിന്‍ ഷാ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി രഹസ്യധാരയുണ്ടാക്കിയെന്ന് ആരോപണം; സ്ഥീരികരിച്ച് മാനേജ്‌മെന്റ് പ്രതിനിധിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2019, 3:09 pm

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനിടെ അന്ന് യു.എന്‍.എ യുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ജാസ്മിന്‍ ഷാ ആശുപത്രി മാനേജ്‌മെന്റുകളുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന് ആരോപണം.

യു.എന്‍.എ മുന്‍ വര്‍ക്കിങ് സെക്രട്ടറിയും, അന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആശുപത്രി പ്രതിനിധിയുമാണ് രഹസ്യ ചര്‍ച്ച നടന്നതായി ആരോപിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കില്‍ വേതന വര്‍ധന നടപ്പിലാക്കിയില്ലെങ്കിലും സമരത്തില്‍ നിന്നും പിന്‍മാറാം എന്നായിരുന്നു ധാരണയെന്ന് ഇവര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ശരിവെക്കുന്ന മിനുട്‌സും മാതൃഭൂമി പുറത്തുവിട്ടിട്ടുണ്ട്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന വര്‍ധനവ് നടപ്പാക്കത്തിനെ തുടര്‍ന്ന് നഴ്‌സുമാര്‍ നടത്തിയ രണ്ടാം ഘട്ട സമരത്തിനിടെയാണ് ജാസ്മിന്‍ ഷാ ആശുപത്രി മാനേജ്‌മെന്റുകളുമായി രഹസ്യ ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

2018 ഫെബ്രുവരില്‍ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ആദ്യ ചര്‍ച്ചയില്‍ ജാസ്മിനൊപ്പം പങ്കെടുത്ത യു.എന്‍.എ വര്‍ക്കിങ് സെക്രട്ടറി ബെല്‍ജോ ഏലിയാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യചര്‍ച്ചയില്‍ ഇത്തരമൊരു നിര്‍ദേശം ആശുപത്രി മാനേജ്‌മെന്റ് മുന്നോട്ടുവെച്ചിരുന്നെങ്കിലും അത് പറ്റില്ലെന്ന് താനുള്‍പ്പെടെയുള്ളവര്‍ അന്ന് തന്നെ പറഞ്ഞിരുന്നെന്നും എന്നാല്‍ പിന്നീട് തങ്ങള്‍ പങ്കെടുക്കാതിരുന്ന ചര്‍ച്ചയില്‍ അത്തരമൊരു ധാരണയുണ്ടാക്കിയതായി വിവരമുണ്ടെന്നായിരുന്നു ബെല്‍ജോ പറഞ്ഞത്.

” യു.എന്‍.എയും മനേജ്‌മെന്റുകളും കൂടി കൂടിയാലോചിച്ച് ഒരു പ്രൊപ്പോസല്‍ ഉണ്ടാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് അത് നടപ്പിലാക്കാം എന്നതായിരുന്നു ആദ്യ ചര്‍ച്ചയില്‍ അവര്‍ വെച്ച നിര്‍ദേശം. എന്നാല്‍ നമ്മള്‍ അത് പറ്റില്ലെന്ന് പറഞ്ഞു. പക്ഷേ അവര്‍ അതിന്റെ പിന്നാലെ നിന്ന് വിട്ടിട്ടുണ്ടായിരുന്നില്ലെന്നാണ് പിന്നീട് എനിക്ക് ബോധ്യപ്പെട്ടത്. ശമ്പള പരിഷ്‌കരണം വന്നു കഴിഞ്ഞപ്പോള്‍ അവര്‍ ഉദ്ദേശിച്ചിടത്താണ് കാര്യങ്ങള്‍ എത്തിയത്.”- ബെല്‍ജോ പറയുന്നു.

രഹസ്യ ധാരണ സംബന്ധിച്ച് അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രതിനിധി സുഹാസ് പോളയും ഇക്കാര്യം സ്ഥിരീകരിച്ചു. ‘ ജാസ്മിന്‍ ഷായുടെ കൂടെ യു.എന്‍.എയുമായി ബന്ധപ്പെട്ട മൂന്ന് നാല് ആള്‍ക്കാരും ഉണ്ടായിരുന്നു. മിനിമം ഇത്രയെങ്കിലും കിട്ടി കഴിഞ്ഞാലേ പിന്മാറൂ എന്ന രീതിയില്‍ അവര്‍ ഒരു റെക്കമെന്റേഷന്‍ പറഞ്ഞിരുന്നു. ”- എന്നാണ് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്. അന്ന് തന്നെ ലാപ്‌ടോപ്പില്‍ ഒരു അനൗദ്യോഗിക മിനുട്‌സ് തയ്യാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന വര്‍ധനവിനേക്കാളും പതിനായിരം രൂപ കുറച്ചാണ് മിനുട്‌സില്‍ എഴുതിയിരിക്കുന്നത്. പിന്നീട് ഇതേ മിനുട്‌സില്‍ പറഞ്ഞ നിരക്ക് തന്നെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിഞ്ജാപനത്തിലുമുള്ളത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച കൂടിയ വേതന നിരക്ക് തന്നെ വേണമെന്ന് ആവശ്യപ്പെടാതെ ലോങ് മാര്‍ച്ച് അടക്കമുള്ള സമരം പിന്‍വലിച്ച് യു.എന്‍.എ മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുകയായിരുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

2017 ലാണ് ഒരു മാസം നീണ്ട നഴ്‌സുമാരുടെ സമരത്തിനൊടുവില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയാണ് വേതന വര്‍ധനവ് പ്രഖ്യാപിച്ചത്. എന്നാല്‍ വിജ്ഞാപനം ഇറങ്ങാന്‍ വൈകിയതിനെ തുടര്‍ന്ന് യു.എന്‍.എ രണ്ടാം ഘട്ട സമരത്തിന് ഇറങ്ങി. ആ സമയത്താണ് അന്ന് നേതൃത്വത്തിലുണ്ടായിരുന്ന ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുന്നത്.

2018 ല്‍ തന്നെ ഇത്തരമൊരു മിനുട്‌സിന്റെ കോപ്പി ലഭിച്ചിരുന്നെന്നും വേതന വര്‍ധനവിലെ ഈ വ്യത്യാസം അന്ന് കമ്മിറ്റികളില്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ അത്തരത്തില്‍ ഒരു രഹസ്യചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് അസോസിയേഷനില്‍പ്പെട്ട പലരും അന്ന് പറഞ്ഞതെന്നും യു.എന്‍.എയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് പ്രതികരികരിച്ചു.

2018 ഏപ്രില്‍ 23 ന് പ്രഖ്യാപനം വന്നപ്പോള്‍ അന്ന് രാത്രി തന്നെ ഇത് അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം ഞങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഒരാള്‍ക്ക് തന്നെ ഇതില്‍ പങ്കുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും സിബി മുകേഷ് പറഞ്ഞു.