മികച്ച പ്രതികരണം സ്വന്തമാക്കി ബോക്‌സ് ഓഫീസില്‍ അമ്പത് കോടിയും നേടി മുന്നേറുകയാണ് മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സഹസംവിധായകനും സത്യന്‍ അന്തിക്കാടിന്റെ മകനും കൂടിയായ അനൂപ് സത്യന്‍. ഹൃദയപൂര്‍വ്വത്തില്‍ ഒരു പുതിയ ബാച്ച് ടെക്‌നീഷ്യന്‍സ് ഉണ്ടെന്ന് അദ്ദേഹം പറയുന്നു.
‘അവരില്‍ പലരും ലാല്‍ സാറിന്റെ കൂടെ ജോലി ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു. ക്യാമറാമാന്‍ സൂഫിയും സുജാതയും, അതിരനും ഒക്കെ ചെയ്ത അനു മൂത്തേടത്ത് ആണ്. സിനിമയില്‍ എടുത്ത് പറയാന്‍ പറ്റുന്ന മാറ്റങ്ങളിലൊന്ന് അനുവിന്റെ ക്യാമറയാണ്. 65 ദിവസം ഷൂട്ട് ചെയ്തിട്ടും അനുവിന്റെ എക്‌സൈറ്റ്‌മെന്റിന് കുറവുണ്ടായിരുന്നില്ല. ഒരു ഷോട്ട് കഴിഞ്ഞാല്‍, ഇറക്കത്തില്‍ ന്യൂട്രലില്‍ വീണ വണ്ടിപോലെ, അനു ക്യാമറയില്‍ നിന്നിറങ്ങി ലാല്‍സാറിന്റെ അടുത്തുപോയി ഇടിച്ചുനില്‍ക്കും. നമ്മളയാളെ അവിടുന്ന് സ്റ്റാര്‍ട്ട് ചെയ്തു തിരികെ ക്യാമറയില്‍ കൊണ്ടുപോയി പാര്‍ക്ക് ചെയ്യണം,’ അനൂപ് പറയുന്നു.
ക്യാമറാമാനായിരുന്നില്ലെങ്കില്‍ ഭാഗവതരായി മാറേണ്ടിയിരുന്ന ഒരാളാണ് അനുവെന്നും നന്നായി പാട്ടു പാടുന്നവരെ മാത്രമാണ് അനു തന്റെ ക്യാമറ ടീമിലെടുത്തതെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഷോട്ട് കഴിഞ്ഞുള്ള ഇടവേളകളില്‍ അച്ഛന്റെതന്നെ സിനിമകളിലെ പാട്ടുകള്‍ ഇവര്‍ പാടുമായിരുന്നുവെന്നും തങ്ങള്‍ അസിസ്റ്റന്റ്‌റ് ഡയറക്ടര്‍മാരും അപ്പോള്‍ അവരുടെ കൂടെ കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒടുവില്‍ അച്ഛന്‍ തന്നെ ”മതി, ഇനി ഷൂട്ട് ചെയ്യാം” എന്ന് പറയുന്ന ഒരു പോയിന്റില്‍ ഞങ്ങള്‍ അതെത്തിച്ചിരുന്നു. ഇതുവരെ എക്‌സ്പീരിയന്‍സ് ചെയ്യാത്ത പുതിയൊരു മോഹന്‍ലാല്‍ സംഭവം ഹൃദയ പൂര്‍വ്വത്തിലുണ്ട്. ഈ സിനിമയില്‍ അദ്ദേഹം ഡബ്ബ് ചെയ്തിട്ടില്ല. തിയേറ്ററില്‍ കേള്‍ക്കുന്നത് അഭിന യിക്കുമ്പോള്‍ പകര്‍ത്തിയെടുത്ത മോഹന്‍ലാലിന്റെ ശബ്ദമാണ്,’ അനൂപ് പറയുന്നു.
അനൗണ്‍സ്‌മെന്റ് മുതലേ വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. പ്രതീക്ഷകള്‍ തെറ്റിക്കാതെ തന്നെ സിനിമ തിയേറ്ററുകളില്‍ മുന്നേറുകയാണ. സിനിമയില്‍ മോഹന്‍ലാലിനെ പുറമേ മാളവിക മോഹന്‍, സംഗീത് പ്രതാപ്, സംഗീത് എന്നിങ്ങനെ വന്‍താരനിര തന്നെയുണ്ട്.
Content highlight: Anoop Sathyan shares heartfelt memories from the set hridayapoorvam