ലോക്കൽ പയ്യൻ സൂപ്പർ ഹീറോ ആയി വളരുമ്പോൾ വിശ്വസനീയമാകേണ്ടേ; മിന്നൽ മുരളിയെ കുറിച്ച് അനൂപ് മേനോൻ
Malayalam Cinema
ലോക്കൽ പയ്യൻ സൂപ്പർ ഹീറോ ആയി വളരുമ്പോൾ വിശ്വസനീയമാകേണ്ടേ; മിന്നൽ മുരളിയെ കുറിച്ച് അനൂപ് മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th November 2023, 1:43 pm

മിന്നൽ മുരളിയിലെ ടൊവിനോയുടെ പ്രകടനത്തെ കുറിച്ചും ടൊവിനോയ്ക്ക് കിട്ടാതെ പോയ പ്രശംസകളെ കുറിച്ചും പറയുകയാണ് നടൻ അനൂപ് മേനോൻ. മിന്നൽ മുരളി ഇറങ്ങിയശേഷം ഗുരു സോമസുന്ദരം അവതരിപ്പിച്ച കഥാപാത്രത്തിനാണ് കൂടുതൽ പ്രശംസകൾ കിട്ടിയിരുന്നത്.

എന്നാൽ സൂപ്പർ ഹീറോ കഥാപാത്രം വളരെ വിശ്വസനീയമായ രീതിയിലാണ് ടൊവിനോ ചെയ്ത് ഫലിപ്പിച്ചിട്ടുള്ളതെന്നും അത് തീർച്ചയായും പ്രശംസിക്കണമെന്നും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോൻ പറഞ്ഞു.

മലയാള സിനിമയിലെ യുവതലമുറയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുമ്പോഴാണ് മിന്നൽ മുരളിയിലെ ടൊവിനോയുടെ പ്രകടനത്തെക്കുറിച്ച് താരം പരാമർശിച്ചത്.

‘എനിക്ക് ഭയങ്കര ഇൻട്രസ്റ്റിങ് ആയിട്ട് തോന്നുന്ന ഒരു കരിയർ ഉള്ള നടനാണ് ടൊവിനോ തോമസ്. ഉദാഹരണത്തിന് മിന്നൽ മുരളി എന്ന ഒരൊറ്റ ചിത്രം തന്നെ എടുക്കാം. മിന്നൽ മുരളി ഇറങ്ങിക്കഴിഞ്ഞതിനുശേഷം പ്രേക്ഷകരെല്ലാം ഏറെ പ്രശംസിച്ചത് ഗുരു സോമസുന്ദരം ചെയ്ത വില്ലൻ കഥാപാത്രത്തെയാണ്. പക്ഷെ എനിക്ക് ടൊവിനോയുടെ കഥാപാത്രമാണ് കൂടുതൽ ഇഷ്ടമായത്.

കാരണം അങ്ങനെ ഒരു സൂപ്പർ ഹീറോ കഥാപാത്രം ചെയ്തു ഫലിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വളരെ മികച്ച ഒരു നടന് മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കുകയുള്ളൂ.

അങ്ങനെയൊരു കഥാപാത്രം ചെയ്യുമ്പോൾ അത് പ്രേക്ഷകർക്ക് വിശ്വസനീയമാകണ്ടേ. ഇങ്ങനെയൊരു ലോക്കൽ ചെറുക്കൻ സൂപ്പർ ഹീറോയായി വളരുന്നത് പ്രേക്ഷകർക്ക് കൺവിൻസ് ആവണ്ടേ. അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.

അത്തരത്തിലുള്ള അഭിനയം നല്ല പ്രകടനമല്ല എന്നാണ് പൊതുവേ പറയാറ്. ജലാർദ്രമായ കണ്ണുകൾ കൊണ്ട് പ്രകടനം കാഴ്ചവെക്കുന്നത് മാത്രമല്ല അഭിനയം. ഇതും ഗംഭീരമാണ്. അത് ഒട്ടും എളുപ്പമല്ല. അതുകൊണ്ട് തന്നെ ടൊവിനോയുടെ കരിയർ ഗ്രോത്ത് ഞാൻ ശ്രദ്ധിക്കാറുണ്ട്.

അതുപോലെ സൗബിൻ ഷാഹിറിന്റെ കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനം. അതിലെ സൗബിന്റെ അഭിനയം സമാനതകൾ ഇല്ലാത്തതാണ്. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് കുമ്പളങ്ങി നൈറ്റ്സ്. സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് തന്നെ ഇതെല്ലാം ഞാൻ ഒരുപാട് ശ്രദ്ധിക്കാറുണ്ട്. ടൊവിനോയോടൊപ്പം നടികർ തിലകം എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്,’അനൂപ് മേനോൻ പറയുന്നു.

Content Highlight: Anoop Menon Talk About Character Of Tovino Thomas In Minnal Murali