ടെലിവിഷനിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അനൂപ് മേനോന്‍. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിലൂടെയാണ് അനൂപ് മേനോന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ആദ്യചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. എന്നാല്‍ രണ്ടാംവരവില്‍ മികച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി.
അഭിനയത്തിന് പുറമെ തിരക്കഥാരചന, സംവിധാനം എന്നീ മേഖലകളിലും അനൂപ് മേനോന്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായ പ്രിയദര്‍ശനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. കരിയറില്‍ ഒരൊറ്റ സിനിമയില്‍ മാത്രമേ താന്‍ പ്രിയദര്‍ശനൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ളൂവെന്ന് അനൂപ് മേനോന്‍ പറഞ്ഞു.
‘ആമയും മുയലും എന്ന പടത്തില്‍ മാത്രമേ ഞാന്‍ പ്രിയന്‍ സാറുമായി വര്‍ക്ക് ചെയ്തിട്ടുള്ളൂ. അതില്‍ ഗസ്റ്റ് റോളെന്ന് പറയാവുന്ന തരത്തിലുള്ള വേഷമാണ് ചെയ്തത്. ആ സിനിമയില്‍ പ്രിയന്‍ സാര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നിര്‍ദേശം കൊടുക്കുന്നത് കണ്ടിട്ട് അന്തം വിട്ടിട്ടുണ്ട്. പുള്ളി കഥയും സിറ്റുവേഷനും മാത്രമേ പറഞ്ഞുകൊടുക്കാറുള്ളൂ.
ഡയലോഗൊന്നും പുള്ളി പറഞ്ഞുകൊടുക്കാറില്ല. എന്താണോ സീന്‍, അതിനനുസരിച്ച് പറഞ്ഞോളാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അത് കൃത്യമായി ചെയ്യാന്‍ അറിയുന്ന ആര്‍ട്ടിസ്റ്റുകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. നെടുമുടി ചേട്ടന്‍, സുകുമാരിയമ്മ, ഇന്നസേെന്റട്ടന്‍ എന്നിവരൊക്കെ ആ കാറ്റഗറിയിലുള്ളവരാണ്. അത്രയും ഗംഭീരമായിട്ടുള്ള ആര്‍ട്ടിസ്റ്റുകളാണവര്‍.
സീന്‍ എടുക്കുന്നതിന് മുമ്പ് അവരെല്ലാം റിഹേഴ്‌സല്‍ ചെയ്യുന്നത് ഞാന്‍ മാറിനിന്ന് കണ്ടു. വേണുച്ചേട്ടനും ലളിത ചേച്ചിയും എല്ലാം ഓരോ പോര്‍ഷനും എങ്ങനെ പെര്‍ഫോം ചെയ്യണമെന്നൊക്കെ ഡിസ്‌കസ് ചെയ്താണ് അഭിനയിച്ചത്. അവര്‍ തമ്മിലുള്ള പരസ്പരധാരണയാണ് ആ സീനിന്റെയൊക്കെ വിജയം. അതുപോലുള്ള ആര്‍ട്ടിസ്റ്റുകള്‍ ഇന്ന് ഇല്ല.
പ്രിയന്‍ സാര്‍ ഒരു സീനിന് വേണ്ടി ചെയ്യുന്ന സെറ്റിങ് ഞാന്‍ അങ്ങനെയാണ് കണ്ടിട്ടുള്ളത്. അദ്ദേഹത്തിന് മാത്രം കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ധിം തരികിട തോം. പ്രോപ്പര്‍ സ്‌ക്രിപ്‌റ്റെഴുതി ഷൂട്ട് ചെയ്യാന്‍ ഒരിക്കലും സാധിക്കാത്ത സിനിമയാണത്. ഇന്നും ആ പടത്തിന്റെ റിപ്പീറ്റ് വാല്യു അപാരമാണ്,’ അനൂപ് മേനോന്‍ പറയുന്നു.
Content Highlight: Anoop Menon shares the experience of under working with Priyadarshan