വളരെ തൃപ്തികരമായ അനുഭവമാണ് പ്രിയപ്പെട്ടവന്‍ പിയൂഷ് നല്‍കിയത്: അന്നു ആന്റണി
Entertainment news
വളരെ തൃപ്തികരമായ അനുഭവമാണ് പ്രിയപ്പെട്ടവന്‍ പിയൂഷ് നല്‍കിയത്: അന്നു ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th July 2023, 11:42 am

കരിക്കിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ സീരിസാണ് പ്രിയപ്പെട്ടവന്‍ പിയൂഷ്. അഞ്ച് ദിവസത്തിനകം തന്റെ കല്യാണം നടത്താനായി പാടുപെടുന്ന പിയൂഷ് എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് സീരിസ് കടന്നുപോവുന്നത്. കരിക്കിലെ പ്രധാന താരങ്ങളായ ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത് എന്നിവര്‍ക്ക് പുറമേ മാല പാര്‍വതി, കനി കുസൃതി, അന്നു ആന്റണി എന്നിങ്ങനെയുള്ള പ്രമുഖ താരങ്ങളും അഭിനയിച്ചിരുന്നു.

കരിക്ക് ടീമിനൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അന്നു ആന്റണി. സീരീസ് വളരെ തൃപ്തികരമായ അനുഭവമാണ് നല്‍കിയതെന്നും അവര്‍ക്ക് വര്‍ക്ക് ചെയ്യാന്‍ വളരെയധികം താല്‍പര്യമുണ്ടായിരുന്നു എന്നും അന്നു പറഞ്ഞു. മഴവില്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘അതൊരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. കരിക്കിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. വളരെ സാറ്റിസ്ഫയിങ് വര്‍ക്കായിരുന്നു. വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. സീരിസിന്റെ സംവിധായകനൊപ്പവും വര്‍ക്ക് ചെയ്തതും നല്ല അനുഭവമായിരുന്നു,’ അന്നു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ജൂണ്‍ 30ന് ആദ്യ എപ്പിസോഡ് റിലീസ് ചെയ്ത വെബ് സീരീസിന്റെ അവസാന എപ്പിസോഡ് കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. പിയൂഷിന്റെ പ്ലസ് ടു കാലഘട്ടവും കോളേജ് ജീവിതവുമുള്‍പ്പെടെ ചിത്രീകരിച്ച സീരീസ് പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ മുന്നിട്ട് നിന്നിരുന്നെങ്കിലും കണ്ടന്റില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു.

നിരവധി കോമഡി സീരീസുകള്‍ ചെയ്ത കരിക്കിന് ഇപ്പോള്‍ എന്ത് പറ്റിയെന്നും വളരെ സീരിയസായ കണ്ടന്റില്‍ മാത്രമാണ് ഇപ്പോള്‍ കരിക്ക് ശ്രദ്ധ കൊടുക്കുന്നതെന്നും ഇത് മാറ്റി വെച്ച് കരിക്ക് കോമഡി ട്രാക്കില്‍ തന്നെ തിരികെ വരണമെന്നും നിരവധി പേര്‍ പറയുന്നു.

മലയാള സിനിമയില്‍ തന്നെ ഫീല്‍ഗുഡ് സിനിമകളുടെ ആധിക്യമാണെന്നും കരിക്കിലേക്കും അത് പടരുകയാണോയെന്നും വിമര്‍ശനങ്ങളുണ്ട്. അന്ധവിശ്വാസങ്ങള്‍ക്ക് ചൂട്ട് പിടിക്കുകയാണ് പുതിയ സീരീസിലൂടെ കരിക്ക് ചെയ്യുന്നതെന്ന കടുത്ത വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

ഗൗതം സൂര്യ തിരക്കഥയെഴുതി സംവിധാനം ചെയ്ത സീരീസ് നിഖില്‍ പ്രസാദാണ് നിര്‍മിച്ചത്.

Content Highlight: annu antony about priyapettavan piyush