ഐ സേ 23; അല്ലു അര്‍ജുന്‍- ലോകേഷ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്
Indian Cinema
ഐ സേ 23; അല്ലു അര്‍ജുന്‍- ലോകേഷ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 14th January 2026, 6:39 pm

തമിഴിലെ സ്റ്റാര്‍ സംവിധായകന്‍ ലോകേഷ് കനകരാജ് ഹൈദരബാദിലെത്തി അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച്ച നടത്തിയത് സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ വാര്‍ത്തയായിരുന്നു. ലോകേഷിന്റെ കരിയറിലെ ഡ്രീം പ്രൊജക്ടായ ഇരുമ്പ് കൈ മായാവിയായിരിക്കും അല്ലു അര്‍ജുനെ നായകനാക്കി ഒരുങ്ങുക എന്നടക്കം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോകേഷ് കനകരാജ്. Photo: My Blog

ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് തെലുങ്കിലെ നിര്‍മാണക്കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ്. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച അനിമേറ്റഡ് വീഡിയോ വഴിയാണ് അല്ലു അര്‍ജുന്റെ കരിയറിലെ 23ാമത്തെ ചിത്രത്തിന്റെ അനൗണ്‍സമെന്റ് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ലോകേഷിന്റയും അല്ലു അര്‍ജുന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും, രവി ശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലോകി എന്ന പരാമര്‍ശവും അല്ലു അര്‍ജുന്റെ കരിയറിലെ 23ാമത്തെ ചിത്രമെന്ന സൂചനയുമുള്ള ഇംഗ്ലീഷ് റാപ്പിന്റെ പശ്ചാതലത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോയിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

സുകുമാര്‍ ഒരുക്കിയ പുഷ്പക്ക് ശേഷം പാന്‍ ഇന്ത്യന്‍ സ്റ്റാറെന്ന ഫെയിമിലേക്ക് ഉയര്‍ന്ന അല്ലുവിന്റെ പാന്‍ ഇന്ത്യന്‍ കാന്‍വാസിലൊരുങ്ങുന്ന ചിത്രമായിരിക്കും എ.എ23 എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലോകേഷ് സിനിമാറ്റിക്ക് യൂണവേഴ്‌സിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ സംവിധായകന്റെ ആദ്യ അന്യഭാഷ ചിത്രമാണ് അല്ലുവിനൊപ്പം ഒരുങ്ങുക.

ലോകേഷിന്റെ കരിയറിലെ ഏഴാമത്തെ ചിത്രം ഇരുമ്പ് കൈ മായാവിയാണോ എന്നതില്‍ വീഡിയോയില്‍ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ കൈയ്യിലെ ഇരുമ്പ് വള നേരെയാക്കുന്ന അല്ലു അര്‍ജുന്റെ അനിമേഷന്‍ കഥാപാത്രത്തെ കാണാന്‍ സാധിക്കും. ഇത് ഇരുമ്പ് കൈ മായാവിയിലേക്കുളള സൂചനയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Photo: screen grab/ Mythri Movie Makers/ Youtube.com

ആരാധകര്‍ക്ക് പൊങ്കല്‍, സംക്രാന്തി ആശംസകള്‍ നേര്‍ന്നുകൊണ്ട് പുറത്തുവിട്ട വീഡിയോയില്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് 2026 ല്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Content Highlight: Announcement video of Lokesh kanagaraj  and Allu arjun movie out

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.