പ്രഖ്യാപിച്ച നിരക്കുകളില്‍ മാറ്റമില്ല; സിനിമാ ടിക്കറ്റിന് പത്ത് ശതമാനം വിനോദ നികുതി തുടരും
kERALA NEWS
പ്രഖ്യാപിച്ച നിരക്കുകളില്‍ മാറ്റമില്ല; സിനിമാ ടിക്കറ്റിന് പത്ത് ശതമാനം വിനോദ നികുതി തുടരും
ന്യൂസ് ഡെസ്‌ക്
Wednesday, 13th February 2019, 7:58 am

തിരുവനന്തപുരം: സിനിമാ ടിക്കറ്റിന് പത്ത് ശതമാനം വിനോദ നികുതിയടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ നിരക്കുകളും ഏപ്രിലോടെ പ്രാബല്യത്തില്‍. എന്നാല്‍ ഒരു ശതമാനം പ്രളയസെസ് ഏപ്രിലില്‍ നടപ്പാക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ പ്രളയസെസ് നിലവില്‍ വരാന്‍ സാധ്യതയുള്ളു. ധനബില്‍ 120 ദിവസത്തിനകം പാസാക്കിയാല്‍ മതിയാവും. എന്നാല്‍ ഏപ്രില്‍ ഒന്നിന് തന്നെ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാം.

വിനോദ നികുതി വര്‍ധിപ്പിക്കുമ്പോള്‍ അത് സിനിമാമേഖലയെയും ബാധിക്കും. നികുതി വര്‍ധിപ്പിച്ചതിനെതിരെ സിനിമാതാരങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ALSO READ: ടിക് ടോക് സാംസ്‌കാരിക മൂല്യച്യുതിക്ക് കാരണമാകുന്നു; ചൈനീസ് വിഡിയോ ആപ്പ് നിരോധിക്കണമെന്ന് തമിഴ്‌നാട് മന്ത്രി

കൂടിക്കാഴ്ചയില്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സിനിമ സംഘടനയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പത്ത് മിനിറ്റ് മാത്രമാണ് ചര്‍ച്ച നീണ്ടു നിന്നത്.

നിലവില്‍ 100 രൂപയ്ക്ക് താഴെയുള്ള ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനവും മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. 10 ശതമാനം കൂടി നികുതി വര്‍ധിപ്പിക്കുകയാണെങ്കില്‍ സിനിമ ടിക്കറ്റുകള്‍ക്ക് ഏതാണ്ട് 28 ശതമാനത്തോളം നികുതി നല്‍കേണ്ടി വരും. ഇത് സിനിമ മേഖലക്ക് തിരിച്ചടിയാകുമെന്നായിരുന്നു സംഘടനാപ്രതിനിധികളുടെ വാദം.