യോഗി ജിയെ മഹാരാജ് എന്നാണ് വിളിക്കുന്നത്; രജിനികാന്ത് ചെയ്തതില്‍ എന്താണിത്ര തെറ്റ്: അണ്ണാമലൈ
national news
യോഗി ജിയെ മഹാരാജ് എന്നാണ് വിളിക്കുന്നത്; രജിനികാന്ത് ചെയ്തതില്‍ എന്താണിത്ര തെറ്റ്: അണ്ണാമലൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd August 2023, 11:18 am

ചെന്നൈ: നടന്‍ രജിനികാന്ത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വണങ്ങിയ സംഭവത്തില്‍ എന്താണിത്ര തെറ്റെന്ന് തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. യോഗിയെയും അദ്ദേഹത്തിന്റെ ആത്മീയതയെയും രജിനികാന്ത് ബഹുമാനിക്കുകയാണ് ചെയ്‌തെന്നും അണ്ണാമലൈ പറഞ്ഞു.

‘ജോലിയില്ലാത്ത ചില രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും എല്ലാറ്റിനെയും വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യാനാകും. യോഗി ജി ഗോരഖ്പൂര്‍ മഠത്തിന്റെ തലവനാണ്. ഉത്തര്‍പ്രദേശിലെ ആളുകള്‍ അദ്ദേഹത്തെ ‘മഹാരാജ്’ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ കാലില്‍ രജനികാന്ത് വീണാല്‍ എന്താണ് പ്രശ്‌നം.

 

ഇതിനര്‍ത്ഥം ഒരാള്‍ മറ്റൊരാളേക്കാള്‍ താഴ്ന്നവനാണ് എന്നല്ല. യോഗി ജിയെയും അദ്ദേഹത്തിന്റെ ആത്മീയതയെയും രജിനികാന്ത് ബഹുമാനിക്കുന്നു. യോഗിയോടുള്ള തന്റെ സ്‌നേഹവും വാത്സല്യവും മാത്രമാണ് അദ്ദേഹം കാണിച്ചിട്ടുള്ളത്,’ അണ്ണാമലൈ പറഞ്ഞു.

സംഭവത്തില്‍ വിശദീകരണവുമായി രജിനികാന്തും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സന്യാസിമാരുടെയും യോഗിമാരുടെയും കാലില്‍ വീഴുന്നത് തന്റെ ശീലത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

കെ. അണ്ണാമലൈ

‘ഒരു സന്യാസിയായാലും യോഗിയായാലും, അവര്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞവരായാലും അവരുടെ കാല്‍ക്കല്‍ വീഴുന്നത് എന്റെ ശീലമാണ്. ഞാന്‍ അതാണ് ചെയ്തത്,’ രജിനികാന്ത് പറഞ്ഞു.

ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് ശേഷം യു.പി മുഖ്യമന്ത്രിയുടെ ലഖ്‌നൗവിലെ വസതിയിലെത്തിയപ്പോഴാണ് രജിനികാന്ത് യോഗിയുടെ കാല്‍ തൊട്ട് വന്ദിച്ചത്. ഈ നടപടിയില്‍ നടനെതിരെ വലിയ വിമര്‍ശനം നടനെതിരെ ഉയര്‍ന്നിരുന്നു.

Content Highlight: Annamalai says what is wrong with actor Rajinikanth touching UP Chief Minister Yogi Adityanath’s feet and bowing down