മുംബൈ: കേന്ദ്ര സര്‍ക്കാര്‍ ലോക്പാല്‍-ലോകായുക്ത നിയമങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തി വന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ് എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഹസാരെ സമരം അവസാനിപ്പിച്ചത്. ലോക്പാല്‍-ലോകായുക്ത നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്നു ചര്‍ച്ചയില്‍ മന്ത്രിമാര്‍ ഉറപ്പ് നല്‍കി.
മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് അണ്ണ ഹാസാരെ പറഞ്ഞു.ഫെബ്രുവരി 13ന് ലോക്പാല്‍ നിയമന വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഹസാരെ പറഞ്ഞു.
ALSO READ: കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തി; ഭര്‍ത്താവും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറി
റാളെഗണ്‍ സിദ്ധിയില്‍ ജനുവരി 30നാണ് ഹസാരെ നിരാഹാര സമരം തുടങ്ങിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും അതിന് ഉത്തരവാദിയെന്ന് അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതോടൊപ്പം പത്മഭൂഷണ്‍ രാഷ്ട്രപതിക്ക് തിരികെ നല്‍കാനും ഹസാരെ ഒരുങ്ങിയിരുന്നു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാനായി ബി.ജെ.പി. തന്നെ ഉപയോഗിക്കുകയായിരുന്ന ആരോപണവും അണ്ണാ ഹസാരെ ഉയര്‍ത്തി. ലോക്പാലിന് വേണ്ടിയുള്ള തന്റെ സമരം വഴിയാണ് ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും അധികാരത്തില്‍ വന്നതെന്നും അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അവരോടുള്ള എല്ലാ ബഹുമാനവും തനിക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്നും അണ്ണാ ഹസാരെ പറഞ്ഞിരുന്നു. ഒപ്പം മോദി സര്‍ക്കാര്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിവിടുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.
