കുമ്പളങ്ങി കാണുന്നത് തന്നെ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്: അന്ന ബെന്‍
Entertainment news
കുമ്പളങ്ങി കാണുന്നത് തന്നെ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd March 2022, 12:50 pm

ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്‌സില്‍ തുടങ്ങി പിന്നീട് ഹെലന്‍, കപ്പേള, സാറാസ് എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അന്ന ബെന്‍.

അന്ന ബെന്‍ നായികയായ ആഷിഖ് അബു ചിത്രം നാരദന്‍ മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്തിരിക്കുകയാണ്. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് എന്ന സിനിമയില്‍ നടന്‍ റോഷന്‍ മാത്യവിനൊപ്പവും അന്ന ബെന്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ തന്റെ അഭിനയത്തെക്കുറിച്ചും ആദ്യ സിനിമ കുമ്പളങ്ങി നൈറ്റ്‌സ് കാണുമ്പോഴുള്ള അനുഭവത്തെക്കുറിച്ചും സംസാരിക്കുകയാണ് താരം. നാരദന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്ന.

തന്റെ സിനിമകള്‍ ഒരു വട്ടം മാത്രമേ കാണാറുള്ളൂ എന്നും ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്‌സ് കാണുന്നത് തന്നെ തനിക്ക് ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നുമാണ് അന്ന ബെന്‍ പറയുന്നത്. ഏതെങ്കിലും ചില പ്രത്യേക ഭാഗങ്ങള്‍ നന്നായെന്നോ മോശമായെന്നോ സിനിമ കാണുമ്പോള്‍ തോന്നാറുണ്ടോ, എന്നായിരുന്നു അവതാരകന്റെ ചോദ്യം.

”ഞാന്‍ എല്ലാ സിനിമകളും ഒരു വട്ടമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് എനിക്ക് അങ്ങനെ അറിയില്ല. കുമ്പളങ്ങി മാത്രമാണ് ഞാന്‍ കുറച്ചധികം വട്ടം കണ്ടത്. കപ്പേളയൊന്നും ഞാന്‍ മര്യാദക്ക് കണ്ടിട്ടേ ഇല്ല.

കുമ്പളങ്ങി പിന്നെ ആദ്യമായിട്ട് ചെയ്യുന്നത് കാരണം അവിടെയും ഇവിടെയും ഒക്കെ പാളിച്ചകള്‍ കാണുമ്പോള്‍ തന്നെ തോന്നാറുണ്ട്. അതുകൊണ്ട് എനിക്കത് കാണാന്‍ തന്നെ ഭയങ്കര ബുദ്ധിമുട്ടാണ്.

അങ്ങനെ പറയണ്ടായിരുന്നു, ഇങ്ങനെ പറഞ്ഞാല്‍ മതിയായിരുന്നു എന്നൊക്കെ ഞാന്‍ ആലോചിക്കും. പക്ഷെ പിന്നെ കുഴപ്പമില്ല,” അന്ന ബെന്‍ പറഞ്ഞു.


Content Highlight: Anna Ben about her own acting, it is difficult to watch Kumbalangi Nights