ഈ കുട്ടിക്കെന്താ മലയാളം അറിയില്ലേ, എന്ന കമന്റ് ഒരുപാട് കണ്ടിട്ടുണ്ട്; അവരോടുള്ള മറുപടി ഇതാണ്: ആന്‍ അഗസ്റ്റിന്‍
Entertainment news
ഈ കുട്ടിക്കെന്താ മലയാളം അറിയില്ലേ, എന്ന കമന്റ് ഒരുപാട് കണ്ടിട്ടുണ്ട്; അവരോടുള്ള മറുപടി ഇതാണ്: ആന്‍ അഗസ്റ്റിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th October 2022, 1:11 pm

തന്നെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളെ കുറിച്ച് പ്രതികരിച്ച് നടി ആന്‍ അഗസ്റ്റിന്‍. സംസാരം കേട്ടിട്ട് പലരും ‘ഈ കുട്ടിക്കെന്താ മലയാളം അറിയില്ലേ’, എന്ന് കമന്റ് ചെയ്തിട്ടുണ്ടെന്നാണ് ആന്‍ പറയുന്നത്.

ഇങ്ങനെ കമന്റ് ചെയ്യുന്നവരോടുള്ള തന്റെ മറുപടിയും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആന്‍ വ്യക്തമാക്കുന്നുണ്ട്.

”ഞാന്‍ ഓണ്‍ലൈനില്‍ എന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളിലെ കമന്റുകള്‍ അധികമങ്ങനെ നോക്കാറില്ല. അതെല്ലാം കണ്ട് പഴകിയതാണ്.

രണ്ട് കാര്യങ്ങളാണ് എന്നെക്കുറിച്ച് കൂടുതലായി വരാറുള്ളത്, ഒന്ന് ‘ഈ കുട്ടിക്ക് മലയാളം അറിയില്ലേ’ എന്നതാണ്. ഇത് പല കമന്റുകളിലും ഞാന്‍ കണ്ടിട്ടുണ്ട്, പലരും എന്നോട് ചോദിക്കാറുമുണ്ട്.

എനിക്ക് നല്ല അസ്സലായി മലയാളം അറിയാം. പക്ഷെ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍, ഞാന്‍ തനി കോഴിക്കോട്ടുകാരിയാണ്, അതുകൊണ്ട് ഞാന്‍ തനി കോഴിക്കോടന്‍ മലയാളമാണ് പറയാറുള്ളത്.

നമ്മള്‍ തിരിച്ച് എറണാകുളത്തൊക്കെ വരുമ്പോള്‍, അച്ചടി മലയാളത്തിലൊന്നും എനിക്ക് ഇന്റര്‍വ്യൂകളില്‍ സംസാരിക്കാന്‍ പറ്റില്ല. ഇക്കാര്യം നോര്‍മലൈസ് ചെയ്യാന്‍ നോക്കുമ്പോഴാണ് ‘ഇതെന്താണ് ഇവള്‍ ഇങ്ങനെ സംസാരിക്കുന്നത്’ എന്ന് ആളുകള്‍ക്ക് പലപ്പോഴും തോന്നുന്നത്.

അല്ലാതെ എനിക്ക് മലയാളം അറിയാഞ്ഞിട്ടല്ല. ഞാന്‍ മലയാളം പഠിച്ചിട്ടുണ്ട്, എനിക്ക് ആ ഭാഷ നന്നായി അറിയുകയും ചെയ്യാം. പക്ഷെ ഞാന്‍ സംസാരിക്കുന്നതിന്റെ ടോണ്‍ ഇങ്ങനെയായത് കൊണ്ടായിരിക്കാം ആളുകള്‍ക്കങ്ങനെ തോന്നുന്നത്.

എന്റെ മാതൃഭാഷയാണ് മലയാളം. എനിക്ക് എന്റെ ഭാഷ ഏറ്റവും നന്നായി സംസാരിക്കണം, അത് കഴിഞ്ഞേ വേറെ ഏതൊരു ഭാഷയ്ക്കും വാല്യൂ ഉള്ളൂ,” ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം, ഹരികുമാറിന്റെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂട് നായകനാക്കുന്ന ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യാണ് ആനിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. എഴുത്തുകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥയൊരുക്കുന്ന മലയാളചിത്രം കൂടിയാണിത്.

Content Highlight: Ann Augustine talks about the social media comments related to her