സിനിമയെ കുറിച്ച് ലളിതചേച്ചി പറഞ്ഞുതന്ന കാര്യമിതാണ്, അത് വളരെ ശരിയുമാണ്: സുരാജ് വെഞ്ഞാറമൂട്
Entertainment news
സിനിമയെ കുറിച്ച് ലളിതചേച്ചി പറഞ്ഞുതന്ന കാര്യമിതാണ്, അത് വളരെ ശരിയുമാണ്: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd October 2022, 4:39 pm

സിനിമാ മേഖലയെ കുറിച്ച് കെ.പി.എ.സി ലളിത പറഞ്ഞുതന്ന കാര്യങ്ങള്‍ പങ്കുവെച്ച് നടി ആന്‍ അഗസ്റ്റിനും നടന്‍ സുരാജ് വെഞ്ഞാറമൂടും.

തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ കെ.പി.എ.സി ലളിതയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു താരങ്ങള്‍.

ഒരു പ്രാവശ്യം മേക്കപ്പിടുകയും സിനിമയിലെ ചോറ് കഴിക്കുകയും ചെയ്താല്‍ പിന്നെ അതില്‍ നിന്ന് മാറാന്‍ പറ്റില്ലെന്നും വളരെ അഡിക്ടീവാണ് സിനിമയെന്നുമാണ് ലളിത ചേച്ചി പറഞ്ഞതെന്നാണ് ഇരുവരും പറയുന്നത്.

”എന്റെ ആദ്യത്തെ സിനിമയില്‍ അമ്മയായി അഭിനയിച്ചയാളാണ് ലളിത ആന്റി. പിന്നീടും ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

ലളിത ആന്റി പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു പ്രാവശ്യം മേക്കപ്പിട്ട് കഴിഞ്ഞാല്‍ ജീവിതത്തില്‍ എന്നും അതുണ്ടാകും. അതില്‍ നിന്നും മാറാന്‍ സമയമെടുക്കും അല്ലെങ്കില്‍ മാറാന്‍ പറ്റില്ല.

ഒരു പ്രാവശ്യം സിനിമയിലെ ചോറ് കഴിച്ചാല്‍ പിന്നെ അതില്‍ തന്നെയായിപ്പോകും. അത് ശരിക്കും സത്യമാണ്. വളരെ അഡിക്ടീവാണ് സിനിമ. അങ്ങനെ തോന്നിയിട്ടുണ്ട്,” ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.

സുരാജ് വെഞ്ഞാറമൂടും സമാനമായ ഓര്‍മയാണ് കെ.പി.എ.സി ലളിതയെ കുറിച്ച് പങ്കുവെച്ചത്.

”ഇത് തന്നെയാണ് ലളിത ചേച്ചി എന്നോടും പറഞ്ഞിട്ടുള്ളത്. ‘മോനേ സിനിമാ ചോറ് ഒരിക്കല്‍ ഉണ്ട് കഴിഞ്ഞാല്‍ പിന്നെ നമ്മള് വേറൊന്നും തിരിഞ്ഞ് നോക്കേണ്ടിയേ വരില്ല. വീണ്ടും വീണ്ടും അതിലേക്ക് തന്നെ പോകും,’ എന്നായിരുന്നു പറഞ്ഞത്.

വലിയ കാര്യമാണത്, ചെറിയ കാര്യമല്ല,” സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

അതേസമയം സുരാജും ആന്‍ അഗസ്റ്റിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എഴുത്തുകാരന്‍ എം. മുകുന്ദനാണ് തിരക്കഥയൊരുക്കുന്നത്.

Content Highlight: Ann Augustine and Suraj Venjaramoodu shares their memory related to KPAC Lalitha