ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള വമ്പന്‍ വിജയത്തോടെ ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. 103 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് മുംബൈക്കരെതിരെ സി.എസ്.കെ കൈപ്പിടിയിലാക്കിയത്.
സീസണിലെ ചെന്നൈയുടെ മൂന്നാം വിജയമായിരുന്നു ഇത്. വിജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു. നാളെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയക്കുതിപ്പ് തുടരാനാവും ആതിഥേയര്‍ ലക്ഷ്യം വെക്കുക.
മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണില്‍ തന്നെയാണ് ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. സീസണില്‍ രണ്ട് സെഞ്ച്വറികള്‍ നേടി മികച്ച ഫോമിലുള്ള സഞ്ജു ഗുജറാത്തിനെതിരെയും തിളങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ മത്സരത്തില്‍ ഐ.പി.എല്ലിലെ ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവും സഞ്ജുവിന്റെ മുന്നിലുണ്ട്.
സഞ്ജു സാംസൺ. Photo: Chennai Super Kings/x.com
നാളെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തില്‍ വെറും മൂന്ന് റണ്‍സ് നേടിയാല്‍ ഐ.പി.എല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിക്കും. ഈ നേട്ടത്തിലെത്തുന്ന പത്താമത്തെ താരമാവാനുള്ള ഒരുക്കത്തിലാണ് സഞ്ജു. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്ന, എം.എസ് ധോണി, കെ.എല്‍ രാഹുല്‍, അജിന്‍ക്യ രഹാനെ, എ.ബി.ഡി വില്ലിയേഴ്‌സ് എന്നിവരാണ് ഇതിന് മുമ്പ് ഐ.പി.എല്ലില്‍ ഈ നാഴികക്കല്ല് പിന്നിട്ടുള്ളത്.
മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഐ.പി.എല്‍ കരിയറിലെ തന്റെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.
ഈ സെഞ്ച്വറിക്ക് പിന്നാലെ ടി-20യില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായും സഞ്ജു മാറിയിരുന്നു. വിക്കറ്റ് കീപ്പറായി സഞ്ജു നേടുന്ന ആറാം സെഞ്ച്വറിയാണിത്. വിക്കറ്റ് കീപ്പറായി കളിച്ച 235 ടി-20 മത്സരങ്ങളില്‍ നിന്നാണ് മലയാളി താരം ആറ് സെഞ്ച്വറികള്‍ അടിച്ചെടുത്തത്. അഞ്ച് സെഞ്ച്വറികള്‍ നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷനെ മറികടന്നാണ് സഞ്ജു ഒന്നാം സ്ഥാനത്തെത്തിയത്.
Content Highlight: Sanju Samson need three runs to create a new milestone in ipl