കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ ജയിലില്‍ കഴിയുന്ന സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്ക് ജാമ്യം. ഹൈക്കോടതിയാണ് മണിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 25000 രൂപ സ്വന്തം ജാമ്യത്തിലും തത്തുല്യമായ ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഉപാധികളോടയൊണ് മണിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് ഉപാധികള്‍.[]
മണിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
കസ്റ്റഡിയില്‍ കഴിഞ്ഞ കാലാവധി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നുമാണ് മണി ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ 21നാണ് മണി അറസ്റ്റിലായത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി രണ്ട് തവണ തള്ളിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.
ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത്തെ തവണയും കോടതി ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മണിയും മറ്റ് പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.
1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി. നേതാവായിരുന്ന സേനാപതി മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബിയെ മേലെചെമ്മണ്ണാറില്‍വെച്ച് വെടിവെച്ചു കൊന്നത്.
കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും കേസ് എങ്ങും എത്താതെ പോവുകയായിരുന്നു. എന്നാല്‍, 2012 മെയ് 25ന്, സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി.
സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം. ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ വെട്ടിക്കൊന്നു എന്നും പ്രസംഗിച്ചു.
തുടര്‍ന്ന് ജില്ലയില്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ എസ്.പി. പി. പ്രകാശിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുയായിരുന്നു. തുടര്‍ന്നാണ് മണിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
