അഞ്ചേരി ബേബിവധക്കേസ്: ഒ.ജി മദനനെ ചോദ്യം ചെയ്തു
Kerala
അഞ്ചേരി ബേബിവധക്കേസ്: ഒ.ജി മദനനെ ചോദ്യം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2012, 10:16 am

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മൂന്നാം പ്രതിയായ സി.പി.ഐ.എം നേതാവ് ഒ.ജി മദനനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

അടിമാലി സി.ഐ ഓഫീസില്‍ വെച്ചാണ് മദനനെ ചോദ്യം ചെയ്തത്. അന്വേഷണ സംഘം നോട്ടീസ് നല്‍കിയത് പ്രകാരം കൃത്യം 10.30 ഓടുകൂടെ തന്നെ മദനന്‍ സി.ഐ ഓഫീസില്‍ ഹാജരായിരുന്നു.

ചോദ്യംചെയ്യലിന് ആദ്യം ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒ.ജി.മദനന്‍ തയാറായിരുന്നില്ല. പുനരന്വേഷണം തടയണമെന്ന എം.എം മണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായിരിക്കുന്നത്.

ബേബിയെ വധിക്കാന്‍ തീരുമാനിച്ചത് രാജാക്കാട് ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ചാണെന്നും എല്ലാ തീരുമാനവും പ്രഖ്യാപിച്ചത് എം.എം മണിയാണെന്നും കേസില്‍ പ്രതിയായിരുന്ന പി.എന്‍ മോഹന്‍ദാസ് മുന്‍പ് മൊഴി നല്‍കിയിട്ടുണ്ട്.

സി.പി.ഐ.എം പ്രകടനത്തിനു നേരെ ബേബി ബോംബെറിഞ്ഞതാണ് കൊലയ്ക്കു കാരണമെന്നും അഞ്ചേരി ബേബി സി.പി.ഐ.എമ്മിന് പ്രവര്‍ത്തിക്കാന്‍ തടസ്സമാണെന്ന് മണി പറഞ്ഞതായും മോഹന്‍ദാസ് മൊഴിയില്‍ പറഞ്ഞിരുന്നു.

അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ രാജാക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്നു ഒ.ജി മദനന്‍. ഏരിയ കമ്മിറ്റി അംഗമായിരുന്ന എ.കെ ദാമോദരനോട് ചോദ്യംചെയ്യലിന് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.