ഒരു ഗുഡ് ന്യൂസ് പറയാനുണ്ട്, പ്രഗ്‌നന്‍സി ന്യൂസ് അല്ല; വണ്ടര്‍ വുമണ്‍ റിലീസ് അനൗണ്‍സ്‌മെന്റ് വീഡിയോയുമായി അഞ്ജലി മേനോന്‍
Entertainment news
ഒരു ഗുഡ് ന്യൂസ് പറയാനുണ്ട്, പ്രഗ്‌നന്‍സി ന്യൂസ് അല്ല; വണ്ടര്‍ വുമണ്‍ റിലീസ് അനൗണ്‍സ്‌മെന്റ് വീഡിയോയുമായി അഞ്ജലി മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st November 2022, 12:55 pm

പുതിയ ചിത്രം വണ്ടര്‍ വുമണിന്റെ റിലീസ് അനൗണ്‍സ് ചെയ്ത് സംവിധായക അഞ്ജലി മോനോന്‍. തന്റെ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ രൂപത്തിലാണ് അഞ്ജലി റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന് വേണ്ടി താരങ്ങളായ പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര, പദ്മ പ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ നടത്തിയ പ്രൊമോഷന്‍ വലിയ ചര്‍ച്ചയായിരുന്നു.

പ്രഗ്‌നന്‍സി ടെസ്റ്റില്‍ പോസിറ്റീവ് ആയിരിക്കുന്ന ചിത്രം ‘വണ്ടര്‍ ബിഗിന്‍സ്’ എന്ന തലക്കെട്ട് നല്‍കിയാണ് ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. പലരും സിനിമാ പ്രചാരണമാണെന്ന് തിരിച്ചറിയാതെ താരങ്ങള്‍ക്ക് ആശംസയറിയിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ സിനിമാ പ്രചാരണമാണെന്ന വാര്‍ത്ത പുറത്തുവരുകയായിരുന്നു.

താന്‍ വന്നിരിക്കുന്നത് എല്ലാവരോടും ഒരു ഗുഡ്‌ന്യൂസ് പറയാനാണെന്നായിരുന്നു വീഡിയോയുടെ തുടക്കത്തില്‍ അഞ്ജലി മേനോന്‍ പറഞ്ഞത്. പ്രഗ്‌നന്‍സിയുമായി ബന്ധപ്പെട്ട ന്യൂസ് അല്ലെന്നും സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങളോട് അവരുടെ ഗുഡ്‌ന്യൂസിനെക്കുറിച്ച് സംസാരിച്ചതെന്നും അഞ്ജലി പറഞ്ഞു.

അത് ഒരു സോഷ്യല്‍ എക്‌സിപിരിമെന്റായിരുന്നുവെന്നും എങ്ങനെയാണ് ആളുകള്‍ പ്രഗ്‌നന്‍സിയോട് പ്രതികരിക്കുന്നതെന്ന് അറിയാന്‍ വേണ്ടി ചെയ്ത പ്രൊമോ സ്‌കീമിന് തന്ന സ്‌നേഹത്തിനും പ്രതികരണത്തിനും ഒരുപാട് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

ഫിലിം സ്ട്രീം ചെയ്യുന്നത് സോണി ലിവിലാണ്. പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ്പ്, പദ്മ പ്രിയ, നദിയ മൊയ്തു, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് അഭിനേതാക്കളെന്നും ചിത്രം റിലീസ് ചെയ്യുന്നത് സോണി ലിവിലാണെന്നും ഇംഗ്ലീഷ് ഭാഷയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.

അഞ്ജലി മേനോന്റെ ഉടമസ്ഥതയിലെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നവംബര്‍ തേഡിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏദന്‍, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദൃശ്യാവിഷ്‌കാരം നിര്‍വ്വഹിച്ച മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷത്തിലെത്തിയ ‘കൂടെ’യ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വണ്ടര്‍ വുമണ്‍’.

content highlight: anjali menon shares wonder women releasing anouncement video