തമിഴ്-മലയാള സിനിമാലോകത്ത് ശ്രദ്ധ നേടുന്ന യുവതാരങ്ങളിൽ മുൻനിരയിലേക്ക് ഉയർന്നുവരുന്ന നടിയാണ് അനിഷ്മ അനിൽ കുമാർ. ‘സിറൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച താരം, ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു. തുടർന്ന് ‘നീലോത്തി’ എന്ന ഗാനം വൈറലായതോടെ അനിഷ്മ കൂടുതൽ ശ്രദ്ധേയയായി.
സിനിമാ പശ്ചാത്തലമൊന്നുമില്ലാതെ ഓഡിഷനുകൾ വഴിയാണ് അഭിനയരംഗത്തേക്ക് എത്തിയതെന്നത് അനിഷ്മയുടെ യാത്രയെ പ്രത്യേകതയാർന്നതാക്കുന്നു. നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘യൂത്ത്’ എന്ന ചിത്രത്തിലൂടെയും താരം തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
ഇതിനിടെയാണ് തന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ച സിനിമയെ കുറിച്ച് പറയുകയാണ് അനിഷ്മ. ശ്രീനിവാസൻ സിനിമകളാണ് തന്റെ ജീവിതത്തെയും ചിന്താഗതികളെയും മാറ്റിയതെന്ന് താരം വ്യക്തമാക്കുന്നു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് നൽകിയ അഭിമുഖത്തിലാണ് അനിഷ്മയുടെ ഈ തുറന്നുപറച്ചിൽ.
‘ഒരു നല്ല സിനിമ കണ്ടാൽ തന്നെ, ഒരാളുടെ ജീവിതം മാറുമെന്ന് തോന്നിയിട്ടുണ്ട്. സിനിമ കാരണമാണ് ശരിക്കും എൻ്റെ ജീവിതം മാറിയത്. എന്നെ സ്വാധീനിച്ച നല്ല നല്ല സിനിമകളുണ്ട്. പ്രത്യേകിച്ച്, ശ്രീനിവാസൻസാറിൻ്റെ എഴുത്തിലും സംവിധാനത്തിലും പിറന്ന ചിത്രങ്ങൾ. അവ എൻ്റെ കാഴ്ചപ്പാടുകൾ മാറ്റിയിട്ടുണ്ട്.
സ്വപ്നമെന്നത് ഒരിക്കലും നേടിയെടുക്കാൻ പറ്റാത്ത ഒന്നല്ല. സത്യസന്ധമായി ആഗ്രഹിക്കുകയും കഷ്ടപ്പെടുകയും ചെയ്‌താൽ സ്വപ്‌ന ജീവിതം ജീവിക്കാം എന്ന് അനുഭവത്തിലൂടെ ഞാൻ മനസിലാക്കി.
സിനിമ എനിക്ക് ഒരുപാട് സുഹൃദ്‌ബന്ധങ്ങൾ നൽകി. ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാൻ തുടങ്ങി. സാമ്പത്തികസ്വാതന്ത്ര്യം അനുഭവിക്കാൻ തുടങ്ങി. ഇതെല്ലാം എനിക്കേറ്റവും ഇഷ്ടമുള്ള ജോലി ചെയ്തുകൊണ്ടാണെന്നുള്ളത് അതിലുമേറെ സന്തോഷമുള്ള കാര്യമാണ്. പുതിയ പുതിയ സിനിമകൾ കാണാനും അഭിനയിച്ച് പഠിക്കാനും എനിക്ക് സാധിച്ചല്ലോ,’ അനിഷ്‌മ പറഞ്ഞു.
നല്ല കഥാപാത്രങ്ങൾ തന്നെ തേടിയെത്തുന്നത് ഒരു അനുഗ്രഹമാണെന്ന് താരം പറഞ്ഞു. അഭിനയിച്ച എല്ലാ സിനിമകളിലും മികച്ച വേഷങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
കഥയ്ക്ക് പ്രാധാന്യം നൽകുന്നവളാണെന്നും, സംവിധായകൻ ആ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലും ശ്രദ്ധ പുലർത്താറുണ്ടെന്നും അനിഷ്മ കൂട്ടിച്ചേർത്തു.
Content Highlight: Anishma anilkumar talk about Sreenivasan movies
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.