സിനിമാലോകത്തിന് ഗിരീഷ് എ.ഡി സമ്മാനിച്ച നായികയാണ് അനിഷ്മ അനില്‍കുമാര്‍. പൂവനിലൂടെ കരിയര്‍ ആരംഭിച്ച അനിഷ്മ ഐ ആം കാതലനിലൂടെയാണ് നായികയായത്. ആദ്യചിത്രത്തിലെ പ്രകടനം തന്നെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. മരണമാസിലും നായികയായ അനിഷ്മ ഇപ്പോള്‍ തമിഴിലും സെന്‍സേഷനായിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ സിറൈയിലെ കലൈയരസി എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. സിറൈയുടെ വിജയത്തിന് പിന്നാലെ അടുത്ത തമിഴ് ചിത്രവും അനിഷ്മയെ തേടിയെത്തി. കെന്‍ കരുണാസ് സംവിധാനം ചെയ്യുന്ന യൂത്തില്‍ മൂന്ന് നായികമാരില്‍ ഒരാളായാണ് അനിഷ്മ വേഷമിടുന്നത്. ചിത്രത്തില്‍ കെന്നും അനിഷ്മയും തമ്മിലുള്ള കെമിസ്ട്രിയാണ് യൂത്തിന്റെ ഹൈലൈറ്റ്.

ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകളില്‍ കെന്നും അനിഷ്മയും സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. എല്ലാവരും കരുതുന്നതുപോലെ അനിഷ്മ അത്രക്ക് പാവമൊന്നുമല്ലെന്ന് കെന്‍ പറയുമ്പോള്‍ അഭിമുഖങ്ങളില്‍ കാണുന്ന പാവത്താനായ കെന്നല്ല സെറ്റിലെന്ന് അനിഷ്മയും പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ഇരുവരും.

‘റീല്‍സിലും സിനിമയിലും കാണുന്ന നീലോത്തി പെണ്‍കുട്ടിയല്ല അനിഷ്മ. സെറ്റില്‍ ഒരുവക പറഞ്ഞാല്‍ കേള്‍ക്കാത്തയാളാണ്. ഇവരെയൊക്കെ അനുസരിപ്പിക്കാന്‍ ഞാന്‍ പെട്ട പാട് എനിക്ക് മാത്രമേ അറിയുള്ളൂ. പക്ഷേ, നല്ല കഴിവുള്ള അപാര അഭിനയസിദ്ധിയുള്ളയാളാണ് അനിഷ്മ. ഈ സിനിമയില്‍ ഇവരുടെ ഗംഭീര പെര്‍ഫോമന്‍സ് കാണാനാകും,’ കെന്‍ കരുണാസ് പറഞ്ഞു.

‘സത്യം പറഞ്ഞാല്‍ എന്നോട് ഏറ്റവുമധികം ദേഷ്യപ്പെട്ട സംവിധായകന്‍ കെന്‍ കരുണാസാണ്. എന്റെ അച്ഛന്‍ പോലും എന്നോട് ഇത്രക്ക് ദേഷ്യപ്പെട്ടിട്ടില്ല. പെണ്‍കുട്ടികള്‍ക്കെല്ലാം ഇഷ്ടമാകുന്ന ക്യൂട്ട് ക്യാരക്ടറാണ് അവനെന്നാണ് സ്വയം വിശ്വസിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും സിനിമയെക്കുറിച്ച് അപാര വിഷനുള്ള ആളാണ് അവന്‍. ഇത്രയധികം ആര്‍ട്ടിസ്റ്റുകളുള്ള സിനിമ കംപ്ലീറ്റ് ഏറ്റെടുക്കാന്‍ ചെറിയ ധൈര്യം പോര,’ അനിഷ്മ പറയുന്നു.

ബാലതാരമായി സിനിമാലോകത്തേക്കെത്തിയ കെന്‍ നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. തിരുച്ചിത്രമ്പലം പോലെ നിരവധി സിനിമകളില്‍ സംവിധാന സഹായിയായും കെന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നതും കെന്‍ തന്നെയാണ്. മലയാളി താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്. മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Anishma Anilkumar shares the shooting experience with Ken Karunas

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ