മാതാപിതാക്കള്‍ സ്ട്രിക്റ്റാണ്, എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അച്ഛന്‍ തന്നെയാണ്: അനിഷ്മ അനില്‍കുമാര്‍
Malayalam Cinema
മാതാപിതാക്കള്‍ സ്ട്രിക്റ്റാണ്, എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അച്ഛന്‍ തന്നെയാണ്: അനിഷ്മ അനില്‍കുമാര്‍
ഐറിന്‍ മരിയ ആന്റണി
Sunday, 12th April 2026, 10:47 pm

മലയാളത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന നടിയാണ് അനിഷ്മ അനില്‍കുമാര്‍. ഓരോ ചിത്രത്തിലൂടെയും അഭിനയമികവ് തെളിയിക്കുന്ന അനിഷ്മ, പൂവന്‍ എന്ന സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട്, ഐ ആം കാതലന്‍, മരണമാസ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

സുരേഷ് രാജ്കുമാരി സംവിധാനം ചെയ്ത തമിഴ് ചിത്രം സിറൈയാണ് താരത്തിന് ബ്രേക്ക് ത്രൂവായത്. സിനിമയിലെ കലയരസി എന്ന കഥാപാത്രം പ്രേക്ഷക ഹൃദയം കീഴടക്കി. കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ കെന്‍ കരുണാസ് ചിത്രം യൂത്തിലും അനിഷ്മ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്.

റോ കോം ഴോണറിലൊരുങ്ങിയ ഈ സിനിമ മികച്ച പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ തന്റെ സിനിമാ കരിയറിനെ കുറിച്ചും വീട്ടില്‍ നിന്നുള്ള പിന്തുണയെ കുറിച്ചും മനസ് തുറക്കുകയാണ് താരം.

‘ചെറുപ്പത്തില്‍ യുവജനോത്സവങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍ വീട്ടില്‍ നല്ല സപ്പോര്‍ട്ടായിരുന്നു. പക്ഷേ, അവര്‍ക്ക് സിനിമയെന്നാല്‍ പേടിയായിരുന്നു. നാട്ടുകാര്‍ എന്തുപറയും എന്നൊക്കെയായിരുന്നു ചിന്ത. അവസാനം അവര്‍ എന്റെ സന്തോഷം തന്നെ തെരഞ്ഞെടുത്തു. എന്റെ എല്ലാ സിനിമകളും അവര്‍ കാണും. എന്റെ അപ്പൂപ്പനും അമ്മൂമ്മയും മുപ്പത്തിയഞ്ചുവര്‍ഷത്തിന് ശേഷമാണ് തിയേറ്ററില്‍ പോയി സിനിമ കണ്ടത്. അതും ഞാന്‍ അഭിനയിച്ചതുകൊണ്ട്.

എന്റെ വളര്‍ച്ചയില്‍ എന്നെക്കാള്‍ കൂടുതല്‍ സന്തോഷം അവര്‍ക്കാണ്. അവരാണ് എന്റെ കരുത്ത്. അച്ഛനും അമ്മയും സര്‍ക്കാരുദ്യോഗസ്ഥരാണ്. ഞാന്‍ ഒറ്റമോളാണ്. എന്റെ ജീവിതം സിമ്പിളാണ്. കാട്ടാക്കടയ്ക്കടുത്താണ് വീട്. അപ്പൂപ്പനും അമ്മൂമ്മയുമൊക്കെയുള്ള കൊച്ചുകുടുംബം. അച്ഛനും അമ്മയും കുറച്ച് സ്ട്രിക്റ്റായിരുന്നു. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് അച്ഛന്‍ തന്നെയാണ്. ഞാന്‍ എന്‍ജിനിയറിങ്ങാണ് പഠിച്ചത്,’ അനിഷ്മ പറയുന്നു.

ഒറ്റയ്ക്ക് സിനിമ കാണുന്നതായിരുന്നു പ്രധാന ഹോബിയെന്നും തൊട്ടടുത്ത് തിയേറ്ററുണ്ടായിരുന്നുവെന്നും അനിഷ്മ പറഞ്ഞു. അന്ന് ടൂവീലറെടുത്ത് തിയേറ്ററില്‍ പോയി സിനിമ കണ്ട് തിരിച്ചുവരുമെന്നും അന്ന് കൂട്ടുകാര്‍ ക്കൊപ്പം സിനിമ കാണാനൊന്നും അച്ഛന്‍ സമ്മതിക്കില്ലായിരുന്നുവെന്നും താരം പറഞ്ഞു.

അനിഷ്മ പ്രധാനവേഷത്തിലെത്തിയ യൂത്ത് എന്ന ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. സിനിമ ഏപ്രില്‍ 16ന് നെറ്റ്ഫിളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തില്‍ മലയാളി താരം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

 

Content Highlight: Anishma Anilkumar says her father is the person who has influenced her the most 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.