തമിഴ്-മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്ന യുവതാരങ്ങളിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് സിറൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച നടി അനിഷ്മ അനിൽ കുമാർ.
ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ അനിഷ്മ, ‘നീലോത്തി’ എന്ന ഗാനത്തിന്റെ ജനപ്രീതിയോടൊപ്പം കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു.
സിനിമാ പശ്ചാത്തലമൊന്നുമില്ലാതെ ഓഡിഷനുകൾ വഴിയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത് എന്നത് തന്നെ അനിഷ്മയുടെ യാത്രയെ വ്യത്യസ്തമാക്കുന്നു. നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘യൂത്ത്’ എന്ന ചിത്രത്തിലൂടെയും താരം തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
ഇതിനിടെ, വ്യക്തിപരമായ വിമർശനങ്ങളും ഉപദേശങ്ങളും ഏറ്റവും കൂടുതലായി ലഭിച്ചത് സിനിമാ സുഹൃത്തുക്കളിൽ നിന്നാണെന്ന് വെളിപ്പെടുത്തുകയാണ് അനിഷ്മ. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്
‘പൂവൻ കഴിഞ്ഞിട്ടാണ് ഗിരീഷേട്ടൻ എന്നെ I AM കാതലനിലേക്ക് തെരഞ്ഞെടുക്കുന്നത്. പൂവന്റെ അതേ ടീമിനൊപ്പമാണ് കാതലൻ ചെയ്തത്.
ഗിരീഷേട്ടന്റെ പടത്തിൽ അഭിനയിക്കുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. കാരണം അദ്ദേഹത്തിൻ്റെ ചിത്രങ്ങളായ തണ്ണീർ മത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും ഷോർട്ട് ഫിലിമായ മൂക്കുത്തിയും വിശുദ്ധ ആംബ്രോസുമൊക്കെ എനിക്ക് ഒരുപാടിഷ്ടപ്പെട്ട വർക്കുകളാണ്.
ഗിരീഷേട്ടൻ പുതിയ സിനിമയിലേക്ക് വിളിച്ചപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ചിത്രമായിരുന്നു അത്.
I AM കാതലനിലെ ശില്പയും ‘മരണമാസ്സി’ലെ ജെസിയുമൊക്കെ എന്നും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മരണമാസ്സിലേത് കോമഡി ടച്ചുള്ള കഥാപാത്രമാണ്.
അനിഷ്‌മ അനിൽകുമാർ, Photo: X.com
വളരെ രസിച്ചു ചെയ്തൊരു കഥാപാത്രമായിരുന്നു അത്. സംവിധായകൻ ശിവപ്രസാദ് ചേട്ടൻ, തിരക്കഥ എഴുതിയ സിജു സണ്ണി ചേട്ടൻ, ബേസിലേട്ടൻ, ടൊവിനോ ചേട്ടൻ… അങ്ങനെയൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ പറ്റിയതാണ് ഏറ്റവും സന്തോഷം.
എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്, സിനിമയിൽനിന്ന് കിട്ടിയ നല്ല സുഹൃത്തുക്കൾ. വ്യക്തമായ വിമർശനങ്ങളും കൃത്യമായ ഉപദേശങ്ങളും ഞാൻ സ്വീകരിച്ചിട്ടുള്ളത് സിനിമാസുഹൃത്തുക്കളിൽ നിന്നാണ്. ആ സൗഹൃദങ്ങൾ എനിക്ക് എന്നും വിലപ്പെട്ടതാണ്,’ അനിഷ്‌മ പറഞ്ഞു.
തമിഴ് യുവതാരം കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ യൂത്താണ് താരത്തിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കെൻ തന്നെയാണ് ചിത്രത്തിലെ നായകനും.
സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷത്തിൽ എത്തിയത്. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
15 വയസുള്ള നായകൻ, തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിന് മുമ്പ് തന്നെ ജീവിതത്തിലെ യഥാർത്ഥ പ്രണയത്തെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Content Highlight: Anishma Anil Kumar says she gets the most criticism and advice from the film industry.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.