വിജയ് സാറിന്റെ ആ ഡാന്‍സൊരു ബ്ലാസ്റ്റായിരിക്കും: അനിരുദ്ധ് രവിചന്ദര്‍
Malayalam Cinema
വിജയ് സാറിന്റെ ആ ഡാന്‍സൊരു ബ്ലാസ്റ്റായിരിക്കും: അനിരുദ്ധ് രവിചന്ദര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th December 2025, 7:13 pm

രാഷ്ട്രീയപ്രവേശനത്തോടെ സിനിമാ ജീവിതം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം ഇളയദളപതി. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായെത്തുന്ന ജനനായകനാണ് വിജയിയുടെ അവസാനമായി വരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ഏറെ വൈകാരികപരമായിട്ടാണെന്നും എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റിയ ഒന്നായിരിക്കും ചിത്രത്തിലെ പാട്ടുകളെന്നും പറയുകയാണ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍.

വിജയ്. Photo: thaman s/ x.com

ചെന്നെയില്‍ നടന്ന ബിഹൈന്റ്‌വുഡ്‌സ് ഗോള്‍ഡ് മെഡല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം.

‘വിജയ് സാര്‍ക്ക് വേണ്ടി ഇതുവരെ ചെയ്ത വര്‍ക്കുകളെല്ലാം വളരെ സന്തോഷത്തോടെ എക്‌സൈറ്റഡായിട്ടായിരുന്നു ചെയ്തിരുന്നത്. ഈ സിനിമയിലെ പാട്ട് ചെയ്തതിന് ശേഷം റിലീസ് സമയത്ത് വിജയ് സാറോട് സംസാരിച്ചിരുന്നു. സാറിനെ വിഷ് ചെയ്യുമ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു. കത്തി, മാസ്റ്റര്‍, ബീസ്റ്റ് , ലിയോ ഇതെല്ലാം ചെയ്തതിന് ശേഷം സാറിന്റെ അവസാന ചിത്രമാണ് ജനനായകന്‍ എന്നറിഞ്ഞപ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു.പക്ഷേ സാറിന്റെ അവസാനത്തെ ഡാന്‍സ് ഒരു ബ്ലാസ്റ്റ് ആയിരിക്കും,’ അനിരുദ്ധ് പറഞ്ഞു.

തലപതി കച്ചേരി എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. ടി സിരീസ് പുറത്തുവിട്ട ഗാനത്തില്‍ വിജയിയുടെ രാഷ്ട്രീയ താത്പര്യവും വ്യക്തമായിരുന്നു. അംബേദ്കര്‍, തന്തൈ പെരിയോര്‍, കാറല്‍ മാര്‍ക്സ് തുടങ്ങിയവരെ ഗാനത്തില്‍ കാണിച്ചിരുന്നു. ഏഴ് കോടിയോളം പേരാണ് യൂട്യൂബില്‍ തലപതി കച്ചേരി വീഡിയോ സോങ് കണ്ടിരിക്കുന്നത്. വീഡിയോയില്‍ സെക്കന്റുകള്‍ മാത്രമുള്ള വിജയിയുടെ സ്റ്റെപ്പുകള്‍ വലിയ രീതിയില്‍ വൈറലായിരുന്നു. ഡിസംബര്‍ 27 ന് മലേഷ്യയിലെ കോലാലംപൂരില്‍ വച്ച് ചിത്രത്തിന്റെ ഗ്രാന്‍ഡ് ഓഡിയോ ലോഞ്ച് നടക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

വിജയ്. Photo: t series/ youtube.com

എച്ച്. വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജനനായകന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ,ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരെന്‍, പ്രിയാമണി തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. താരം തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് അടുത്ത വര്‍ഷം വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസെന്നതും ശ്രദ്ധേയമാണ്.

Content Highlight: anirudh talks about vijays last film jananayagan