സൗത്ത് ഇന്ത്യയിലെ സെന്‍സേഷണല്‍ സംഗീത സംവിധായകനാണ് അനിരുദ്ധ്. ചെയ്യുന്ന സിനിമകളിലെ പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്ററാക്കാന്‍ കഴിവുള്ള അനിരുദ്ധിന്റെ അടുത്ത ചിത്രം ജന നായകനാണ്. വിജയ്‌യുടെ അവസാന ചിത്രമായി പുറത്തിറങ്ങുന്ന ജന നായകനെക്കുറിച്ച് സംസാരിക്കുകയാണ് അനിരുദ്ധ്.
ഇതുവരെ വിജയ്‌യുടെ നാല് സിനിമകള്‍ക്കാണ് അനിരുദ്ധ് സംഗീതം നല്‍കിയത്. അഞ്ചാം തവണ ഈ കോമ്പോ ഒന്നിക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. എല്ലായ്‌പ്പോഴും താന്‍ ഏറെ എന്‍ജോയ് ചെയ്താണ് വിജയ്ക്ക് വേണ്ടി സംഗീതമൊരുക്കാറുള്ളതെന്ന് അനിരുദ്ധ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അനിരുദ്ധ്.
‘ജന നായകനിലെ ഒരു പാട്ട് റിലീസായി. വേറെ ഒരെണ്ണം അധികം വൈകാതെ പുറത്തിറങ്ങും. 27ന് ഓഡിയോ ലോഞ്ച് നടക്കാനിരിക്കുകയാണ്. വിജയ് സാറിന് വേണ്ടി സംഗീതമൊരുക്കുമ്പോഴെല്ലാം ഞാന്‍ ഹാപ്പിയാകാറുണ്ട്. ആ ഒരു എക്‌സൈറ്റ്‌മെന്റിലാണ് ഞാന്‍ സ്‌കോറുകള്‍ തയാറാക്കിയിട്ടുള്ളത്.
എന്നാല്‍ ഇത്തവണ ചെയ്തുതുടങ്ങിയപ്പോള്‍ ഹാപ്പിയായെങ്കിലും അവസാനമായപ്പോഴേക്ക് ഞാന്‍ വല്ലാതെ ഇമോഷണലായി. പാട്ട് ചെയ്ത് കഴിഞ്ഞ് സാറിനെ വിളിച്ചപ്പോഴും എന്താണെന്നറിയില്ല, കുറച്ച് ഇമോഷണലായി. ഇതുവരെ വിജയ്‌സാറിന് വേണ്ടി നാല് പടങ്ങള്‍ ചെയ്തിട്ടുണ്ട്.
കത്തി, മാസ്റ്റര്‍, ബീസ്റ്റ്, ലിയോ ഒക്കെ ചെയ്തപ്പോള്‍ ഹാപ്പിയായിരുന്നു. ഇനി അദ്ദേഹം അഭിനയിക്കുന്നില്ല എന്ന് അറിയുമ്പോള്‍ ചെറിയൊരു വിഷമമുണ്ട്. ഇത് ഫോണ്‍ വിളിച്ചപ്പോള്‍ ഞാന്‍ സാറിനോട് പറയുകയും ചെയ്തു. പക്ഷേ, പടത്തിലെ ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ ബ്ലാസ്റ്റ് ബ്ലാസ്റ്റായി ആരാധകരിലേക്കെത്തിക്കാനാണ് ആഗ്രഹിക്കുന്നത്,’ അനിരുദ്ധ് പറയുന്നു.
തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന നായകന്‍. വിജയ് ഇരട്ട ഗെറ്റപ്പിലെത്തുന്ന ചിത്രം ഗ്രാന്‍ഡാക്കാനാണ് ആരാധകര്‍ ഉദ്ദേശിക്കുന്നത്. പൂജ ഹെഗ്‌ഡേ നായികയാകുന്ന ചിത്രത്തില്‍ മമിത ബൈജുവും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജനുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Anirudh shares the composing experience of Jana Nayagan