ലോകേഷിന് കാര്‍, സൂര്യക്ക് വാച്ച്, അനിരുദ്ധിന്..? മറുപടിയുമായി താരം
Film News
ലോകേഷിന് കാര്‍, സൂര്യക്ക് വാച്ച്, അനിരുദ്ധിന്..? മറുപടിയുമായി താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th June 2022, 12:13 pm

റിലീസിന് ശേഷം രണ്ടാമാഴ്ചയിലേക്ക് കടക്കുമ്പോഴും നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കമല്‍ ഹാസന്‍ ചിത്രം വിക്രം. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന്റെ സന്തോഷത്തില്‍ കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് കാറും അതിഥി വേഷം അവതരിപ്പിച്ച സൂര്യക്ക് വാച്ചും വാങ്ങി നല്‍കിയിരുന്നു.

വിക്രം കേരളത്തിലും വന്‍വിജയമായതിനെ തുടര്‍ന്ന് ലോകേഷ് കനകരാജും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കഴിഞ്ഞ ദിവസം തൃശ്ശൂരിലെത്തിയിരുന്നു. ഇന്നലെ നടന്ന പ്രസ് മീറ്റിനിടയില്‍ വിക്രം സിനിമക്കായി കമല്‍ സാര്‍ ലോകേഷിന് കാര്‍ കൊടുത്തു, സൂര്യക്ക് വാച്ച് കൊടുത്തു എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ എനിക്ക് വിക്രം സിനിമ നല്‍കിയത് തന്നെ ഗിഫ്റ്റ് ആണെന്നായിരുന്നു അനിരുദ്ധിന്റെ മറുപടി. മലയാളത്തില്‍ എന്നാണ് അനിരുദ്ധിന്റെ പാട്ട് വരുന്നത് എന്ന ചോദ്യത്തിന് അടുത്ത വര്‍ഷം തന്നെ മലയാളത്തില്‍ ഒരു പാട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

വിക്രത്തിന് മുമ്പ് കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ ടു’ എന്ന ചിത്രത്തിനായി അനിരുദ്ധ് സംഗീത സംവിധാനം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ടുവിനെ പറ്റിയും താരം മനസ് തുറന്നു.

‘വിക്രത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ ടു തുടങ്ങിയിരുന്നു. വിക്രം ലോകേഷിന്റെ യൂണിവേഴ്‌സാണ്. ഇന്ത്യന്‍ ടു ശങ്കര്‍ സാറിന്റെ യൂണിവേഴ്‌സാണ്. രണ്ടും താരതമ്യം ചെയ്യാന്‍ പറ്റില്ല. കമല്‍ സാറിന് വേണ്ടി ആദ്യമായി സംഗീതസംവിധാനം ചെയ്തത് ഇന്ത്യന്‍ ടുവിന് വേണ്ടിയാണ്. അതുകൊണ്ട് ഇന്ത്യന്‍ ടുവിന് വേണ്ടിയുള്ള പ്രതീക്ഷകള്‍ ഏറെയാണ്. അതുപോലെ ഇന്ത്യന്‍ ഒന്നാം ഭാഗം എത്ര വലിയ ഹിറ്റാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ കഴിവിന്റെ പരമാവധി ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ കമല്‍ സാര്‍ തന്നെ നല്‍കും,’ അനിരുദ്ധ് പറഞ്ഞു.

ഷാരൂഖ് ഖാന്‍ ചിത്രം ജവാന് വേണ്ടിയാണ് ഇനി അനിരുദ്ധ് സംഗീത സംവിധാനം ചെയ്യുന്നത്. അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയായ ജവാനില്‍ നയന്‍താരയാണ് നായിക.

Content Highlight: Anirudh ravichander says Vikram movie itself is a gift for him