രജിനികാന്തിന് ഇഷ്ടപ്പെട്ട പാട്ടേതാണ്? മറുപടിയുമായി അനിരുദ്ധ്
Indian Cinema
രജിനികാന്തിന് ഇഷ്ടപ്പെട്ട പാട്ടേതാണ്? മറുപടിയുമായി അനിരുദ്ധ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd August 2025, 5:26 pm

സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ എന്നറിയപ്പെടുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ധനുഷ് നായകനായ ത്രീയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന അനിരുദ്ധിന് ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിരയിലേക്ക് എത്താന്‍ സാധിച്ചു. ജവാനിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ച അനിരുദ്ധ് ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ്.

കടുത്ത രജിനികാന്ത് ആരാധകനാണ് താനെന്ന് അനിരുദ്ധ് തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട്. പേട്ട, ദര്‍ബാര്‍, ജയിലര്‍, വേട്ടയ്യന്‍ എന്നീ ചിത്രങ്ങളിലും ഏറ്റവും അവസാനമിറങ്ങിയ കൂലിയിലും അനിരുദ്ധ്, രജിനികാന്തിന് വേണ്ടി സംഗീതമൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രജിനികാന്തിനിഷ്ടപ്പെട്ട തന്റെ പാട്ട് ഏതാണെന്ന് പറയുകയാണ് അനിരുദ്ധ് രവിചന്ദര്‍.

‘ഏറ്റവും വലിയ കോമഡി എന്താണെന്ന് വെച്ചുകഴിഞ്ഞാല്‍ രജിനി സാര്‍ ഒരു പാട്ടും ട്യൂണും ഒന്നും ഷൂട്ടിന് മുമ്പ് കേള്‍ക്കാറില്ല. അദ്ദേഹം അതെല്ലാം ഞങ്ങള്‍ക്ക് മൊത്തമായും വിട്ട് തരും. അക്കാര്യങ്ങളിലൊന്നും രജിനി സാര്‍ ഇടപെടില്ല. ഞാന്‍ ചെയ്ത ഒരു പാട്ട് അദ്ദേഹം കേള്‍ക്കാന്‍ ഇടവന്നാല്‍ അതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം എനിക്ക് മെസേജ് ആയി അയക്കും.

പക്ഷെ ഒരു തവണ ഞാന്‍ എന്റെ പാട്ട് റിലീസ് ആകുന്നതിനും മുമ്പ് എനിക്ക് അയച്ചുതന്നിരുന്നു. അത് കേട്ട് അദ്ദേഹം എന്നെ ഒരുപാട് അഭിനന്ദിച്ചു. രജിനി സാറിന് അത് വല്ലാതെ ഇഷ്ടപ്പെട്ടു. ആ ട്രാക്കാണ് ഹുക്കും സോങ്,’ അനിരുദ്ധ് പറയുന്നു.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടാന്‍ വേണ്ടി താനും ലോകേഷ് കനകരാജും കൂടി ഒരു ഫോട്ടോ എടുത്തിരുന്നുവെന്ന് അനിരുദ്ധ് പറഞ്ഞു. ആ ഫോട്ടോ എടുക്കുന്നതിനിടയില്‍ തങ്ങള്‍ രണ്ടുപേരും കമല്‍ ഹാസന്റെ കൂടെയും രജിനികാന്തിന്റെയും സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി മറ്റാരുടെകൂടെ ചെയ്താലും കിട്ടില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Anirudh Ravichander says Rajinikanth’s favorite song